സഫിയ കൊലക്കേസ്: കോടതിയില്‍ നിന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ തലയോട്ടി ഏറ്റുവാങ്ങി

സഫിയ കൊലക്കേസ്: കോടതിയില്‍ നിന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ തലയോട്ടി ഏറ്റുവാങ്ങി




കാസര്‍കോട്: സഫിയ കൊലക്കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന തലയോട്ടി സംസ്‌കാര ചടങ്ങുകള്‍ക്കായി രക്ഷിതാക്കള്‍ക്ക് വിട്ടുനല്കി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കരുടെ ഉത്തരവ് പ്രകാരമാണ് തലയോട്ടിയടക്കമുള്ള ശേഷിപ്പുകള്‍ കൈമാറിയത്.

കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകള്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ശേഷിപ്പുകള്‍ വിങ്ങിപ്പൊട്ടിയാണ് മാതാപിതാക്കളായ ആയിഷുമ്മയും മൊയ്തുവും ഇന്നലെ ഏറ്റുവാങ്ങിയത്. സഹോദരങ്ങളായ മുഹമ്മദ് അല്‍ത്താഫ്, മിസ്ഹബ്, അല്‍ത്താഫിന്റെ ഭാര്യ തംസീറ എന്നിവരും എത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.

കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ 2008ലാണ് കൊല്ലപ്പെട്ടത്. ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തിക്കുണ്ട് കെ.സി. ഹംസയുടെ വീട്ടുജോലിക്കാണ് സഫിയയെ അയച്ചത്. പിന്നീട് ഗോവയിലേക്ക് കൊണ്ടുപോയി. അവിടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സഫിയയ്‌ക്ക് പൊള്ളലേറ്റു. സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഗോവയില്‍ അണക്കെട്ട് നിര്‍മാണ സ്ഥലത്ത് കുഴിച്ചുമൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ ഹംസയെ വിചാരണ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു. കുറ്റപത്രത്തിനൊപ്പം സഫിയയുടെ തലയോട്ടിയടക്കമുള്ള ശരീരഭാഗങ്ങള്‍ ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു.

വീട്ടുജോലി ചെയ്യുമ്പോള്‍ 13-ാം വയസിലാണ് സഫിയ കൊല്ലപ്പെട്ടത്. 2006 ഡിസംബറില്‍ ഇവര്‍ കുട്ടിയെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തി എന്നായിരുന്നു കുറ്റസമ്മത മൊഴി. ഗോവയില്‍ അണക്കെട്ടിന് സമീപത്ത്‌നിന്ന് 2008 ജൂണ്‍ 5നാണ് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്. ഒരു ദൃക്സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്.