പാലക്കാട് കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. ഇലക്ഷൻ കമ്മീഷൻ ഫ്ലയിങ് സ്ക്വാഡാണ് പോലീസിന് നിർദ്ദേശം നൽകിയത്. നീല ട്രോളി ബാഗിൽ പണം കൊണ്ടുവന്നിട്ടുണ്ട് എന്നായിരുന്നു ആരോപണം. കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രം​ഗത്തെത്തിയിരുന്നു.

നീല പെട്ടിയിൽ പണം കൊണ്ടു വന്നു എന്ന് കോൺഗ്രസിൽ നിന്ന് വിവരം ലഭിച്ചുവെന്ന് എഎ റഹീം പറഞ്ഞിരുന്നു. ഹോട്ടലിൽ നടന്ന സംഘർഷവും വലിയ രാഷ്ട്രീയ ചലനത്തിന് വഴിതെളിക്കുകയാണ്. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തിയത്. 12 മുറികൾ‌ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് മൂന്ന് മുന്നണികളും ആവശ്യം ഉന്നയിച്ചിരുന്നു.

സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇമെയിൽ മുഖാന്തരം പരാതി നൽകിയിരുന്നു. വസ്തുത പുറത്തുവരാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് കോൺ​ഗ്രസും വാദനം ഉന്നയിച്ചു. സംഭവത്തിൽ കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.