ലോഡ്ജ് മുറിയിലെ മദ്യപാനം ഒടുവിൽ കയ്യാങ്കളിയിലെത്തി; തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു, പ്രതി അറസ്റ്റിൽ

ലോഡ്ജ് മുറിയിലെ മദ്യപാനം ഒടുവിൽ കയ്യാങ്കളിയിലെത്തി; തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു, പ്രതി അറസ്റ്റിൽ


മലപ്പുറം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തിയതിന് പിന്നാലെ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്നാട് മൈലാടുംപുറം സ്വദേശി ബൽറാം (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമഴ്നാട് മയിലാടുംതുറ സ്വദേശി വാസു(43)വിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാവിലെ ബൽറാമും വാസുവും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. വാസു ബലമായി തള്ളിയതിനെ തുടർന്ന് ബൽറാം മുറിയിലെ ഭിത്തിയിൽ തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ വാസു സംഭവ സ്ഥലത്തുവെച്ച് മരിച്ചു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കൊണ്ടോട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്തുനിന്ന് മാറിയ വാസുവിനെ മോങ്ങത്ത് വെച്ച് പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബൽറാമിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബൽറാമും വാസുവും 20 വർഷമായി മോങ്ങത്ത് കൽപ്പണിക്കാരാണ്. ബൽറാം അവിവാഹിതനാണ്.