മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ചാലിൽ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം. എല്ലാവരും പള്ളിയിൽ കയറിക്കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചത്. മൊയ്തീൻ കൂട്ടിൽ പ്രദേശത്തെ വിവിധ പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ മൊയ്തീന്റെ മയ്യിത്ത് നമസ്‌കാരം നടന്നു. പരേതരായ ഫാത്തിമ - മുഹമ്മദ് കുട്ടി ദമ്പതികളുടെ മകളാണ് റംല. മക്കൾ: സാലിം, നൗഷാദ്, റൈഹാനത്ത്. മരുമക്കൾ: റുക്‌സാന, ഹുദ, ഫൈസൽ.