ബേക്കറികളിലെത്തി ഭക്ഷണം കഴിക്കും, കോള്‍ ചെയ്യാനെന്ന വ്യാജേന ഫോൺ വാങ്ങി മുങ്ങും, യുവതിയും യുവാവും പിടിയിൽ


ബേക്കറികളിലെത്തി ഭക്ഷണം കഴിക്കും, കോള്‍ ചെയ്യാനെന്ന വ്യാജേന ഫോൺ വാങ്ങി മുങ്ങും, യുവതിയും യുവാവും പിടിയിൽ


കൊച്ചി: കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. കാസർകോട് സ്വദേശി അലി അഷ്ക്കർ തൃശൂർ സ്വദേശിനി ആൻമേരി എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. കൊച്ചി നഗരത്തിലെ ഹോട്ടലുകളും, ബേക്കറികളും കേന്ദ്രീകരിച്ചാണ് അലി അഷ്ക്കറിന്‍റെയും ആൻമേരിയുടെയും കവർച്ച. ഒടുവിൽ കൊച്ചി എംജി റോഡിൽ ഇതര സംസ്ഥാനക്കാരനായ ബേക്കറി ജീവനക്കാരന്‍റെ ഫോണ്‍ കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്.

സാധാരണക്കാരെ പോലെ ബേക്കറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോഴാണ് കവർച്ച. ബേക്കറി ജീവനക്കാരനിൽ നിന്നും കോൾ ചെയ്യാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം ഇരുവരും കടന്നു കളയും. ഇത്തരത്തിൽ നിരവധി മോഷണങ്ങൾ. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നേരത്തെ വാഹന മോഷണ കേസിലും അലി അഷ്ക്കർ പിടിയിലായിരുന്നു. പ്രതികൾ മറ്റു വ്യാപാര സ്ഥാപനങ്ങളിലും സമാന രീതിയിൽ കവർച്ച നടത്തിയതായാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.