വയനാട് പുനരധിവാസം കൃത്യമായ കണക്ക് വേണം ; കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി


വയനാട് പുനരധിവാസം കൃത്യമായ കണക്ക് വേണം ; കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

@noorul ameen 

കൊച്ചി: വയനാട് പുനരധിവാസം സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്രത്തോട് സഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്ക് വേണമെന്നും സര്‍ക്കാരിനോട് കേരളാ ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫണ്ട് മാസങ്ങള്‍ വൈകിയത് എന്തുകൊണ്ടാണെന്നും ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് കോടതി വിമര്‍ശിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. ആരെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് പോലും സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്നും പറഞ്ഞു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാല്‍ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപ കൈവശമില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്നും പറഞ്ഞു. ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോടും കോടതി മുഖം തിരിച്ചു. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കുകയും ചെയ്തു. 677 കോടി രൂപ ദുരന്തം നേരിടാന്‍ മതിയായ ഫണ്ടല്ലെന്ന് അമികസ് ക്യൂറി കോടതിയിയില്‍ പറഞ്ഞെങ്കിലും അത് ബോധ്യമുണ്ടെന്നായിരുന്നു മറുപടി.