നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഒന്നിലധികം പേരുകൾ പരിഗണനയിലാണ്. ഐക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകും. ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഒറ്റക്കെട്ടായി നിലമ്പൂരിൽ മികച്ച വിജയം നേടുമെന്ന് അടൂർ പ്രകാശും പറഞ്ഞു. സിപിഐഎമ്മിന് ഭയമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ നിലമ്പൂർ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് ട്വന്റിഫോറിനോട് പറഞ്ഞു. വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഐക്കമാൻഡ് തീരുമാനം എടുക്കുക.ആരെ സ്ഥാനാർത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി വി അൻവർ മുതൽക്കൂട്ടാണ്. മലയോര കർഷകരുടെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനല്ല ആര് സ്ഥാനാർഥി ആയാലും പിതാവുമായി വൈകാരിക ബന്ധമുള്ള ഭൂമിയാണ് നിലമ്പൂരിലേത്. വി വി പ്രകാശിന്റെ ഓർമ്മകളുള്ള മണ്ണാണ്.അതെല്ലാം ഉപതിരഞ്ഞെടുപ്പിൽ ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായത് മുതൽ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിരുന്നു. ആദ്യം മുതൽ രണ്ടു പേരുകൾ മാത്രം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തോ ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയോ?. ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് ധാരണയിൽ എത്തി എന്നാണ് പുതിയ വിവരം. ഇന്ന് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥിയെ വച്ചുള്ള പ്രചാരണത്തിന് യുഡിഎഫ് തുടക്കവുമിടും.