സുല്‍ത്താൻ ബത്തേരിയിൽ പുലിക്ക് വെച്ച കൂട്ടില്‍ തെരുവ് നായ കുടുങ്ങി, നിസ്സാരമായി പുറത്തിറങ്ങിയത് കണ്ട് ഞെട്ടി നാട്ടുകാർ
സുല്‍ത്താൻ ബത്തേരി: നഗരപ്രാന്തത്തില്‍ ഇറങ്ങിയ പുലിയെ കുടുക്കാനായി ആഴ്ച്ചകള്‍ക്ക് മുമ്പ് വെച്ച കൂട്ടില്‍ പുലിക്ക് പകരം കുടുങ്ങിയത് തെരുവ് നായ. ഇരുമ്പഴികളുള്ള കൂടാണെങ്കിലും അടിഭാഗം പ്ലൈവുഡായിരുന്നു. ഇത് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നതോടെ നിസാരമായി നായക്ക് പുറത്തിറങ്ങാനുമായി. ബത്തേരി കോട്ടക്കുന്നിലെ പോള്‍മാത്യൂസിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ (ട്രാപ് കേജ്) നിന്നാണ് അടിഭാഗം ഉറപ്പില്ലാത്തതിനാല്‍ നായ രക്ഷപ്പെട്ടത്.ഈ ഉറപ്പില്ലാത്ത കൂട്ടില്‍ നായക്ക് പകരം പുലിയെങ്ങാനും കുടുങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് പോള്‍ മാത്യൂസും വീട്ടുകാരും ചോദിക്കുന്നത്. കുടുങ്ങിയ നായ താനെ രക്ഷപ്പെട്ടതോടെ വന്യമൃഗങ്ങള്‍ക്കായി സ്ഥാപിക്കുന്ന കൂടുകളുടെ സുരക്ഷിതത്വം കൂടി ആശങ്കയാവുകയാണ്. ഇന്ന് പുലര്‍ച്ചെ 3.25 നാണ് കോട്ടക്കുന്നില്‍ സ്ഥാപിച്ച കൂട്ടില്‍ നായ കുടുങ്ങിയത്. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം അഞ്ചേമുക്കാലോടെ നായ കൂടിന് പുറത്തേക്ക് വരികയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്