ഇരിട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ വന്ന അജണ്ടയിൻമേൽ ഭരണപക്ഷം പരാജയപ്പെട്ടു
ഇരിട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ വന്ന അജണ്ടയിൻമേൽ ഭരണപക്ഷം പരാജയപ്പെട്ടു.
ഇന്നലെ മുനിസിപ്പൽ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ ഒന്നാമത്തെ അജണ്ട ചർച്ചക്ക് വന്നപ്പോൾ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് വോട്ടെടുപ്പിലൂടെ തീരുമാനം തള്ളുകയായിരുന്നു.
ഇരിട്ടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാവശ്ശേരി പൊതുജന വായനശാലക്ക് അന്തരിച്ച നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. കെ രവിന്ദ്രൻ്റെ പേര് നൽകണമെന്ന ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ സോയ നൽകിയ കത്തിൻ മേൽ കൗൺസിൽ യോഗത്തിൻ്റെ ഒന്നാമത്തെ അജണ്ടയായി ഇന്നലെ നടന്ന കൗൺസിൽ യോഗം പരിഗണിച്ചു.
എന്നാൽ അജണ്ടയിൽ പ്രതിപക്ഷ കൗൺസിലർമാർ എല്ലാവരും വിയോജിപ്പ് രേഖപ്പെടുത്തുകയും തുടർന്ന് നടന്ന വോട്ടെടുപ്പിൽ പതിമൂന്ന് വോട്ടിന് എതിരെ പതിനാറ് വോട്ടിന് തീരുമാനമെടുക്കുന്നത് തള്ളുകയായിരുന്നു.
യുഡിഎഫിന് വേണ്ടി യു ഡി എഫിൻ്റെ
11 കൗൺസിലർമാർ ഒപ്പിട്ട കത്ത്
കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി ലീഡറും വായനശാല സ്ഥിതി ചെയ്യുന്ന വാർഡിൻ്റെ കൗൺസിലറുമായ വി.ശശിയും ബി ജെ പി ക്ക് വേണ്ടി 5 കൗൺസിലർമാർ ഒപ്പിട്ട കത്ത് എ.കെ ഷൈജുവും വിയോജന കുറിപ്പ് കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് ചെയർപേഴ്സൺ കെ ശ്രീലത മുമ്പാകെ നൽകി.
അജണ്ടയിൽ അനുകൂലമായി സി പി എമ്മിൻ്റേയും പ്രതികൂലിച്ച് മുസ്ലിം ലീഗിൻ്റേയും കോൺഗ്രസിൻ്റേയും ബിജെ പി യുടേയും എസ്ഡിപിഐ യുടേയും കൗൺസിലർമാർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
1957 ൽ സ്ഥാപിച്ച ചാവശ്ശേരിയിലെ പൊതുജന വായനശാല ആറ് പതിറ്റാണ്ട് കാലത്തോളം പേരിൽ യാതൊരു മാറ്റം വരുത്താതെ നിലനിന്ന സ്ഥാപനം അതേ പേരിൽ തന്നെ നിലനിർത്തണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടത്.
ചാവശ്ശേരി പ്രദേശത്ത് കാരായ കീഴൂർ - ചാവശ്ശേരി പഞ്ചായത്ത് മൺമറഞ്ഞ രണ്ട് പ്രസിഡൻ്റ്മാരുടെ പേരുകൾ പോലും ഇതുവരെ പരിഗണിക്കാത്ത വായനശാലയുടെ പേര് ഇപ്പോൾ മാറ്റുന്നത് ശരിയല്ലെന്നും,
വായനശാല അധികൃതരുമായോ ചാവശ്ശേരി പ്രദേശത്ത് കാരുമായോ കൂടിയാലോചന നടത്താതെയും എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചർച്ച ചെയ്യാതെയും കൗൺസിൽ യോഗത്തിൽ അജണ്ട പരിഗണിച്ചത് ശരിയായ നടപടിയല്ലെന്നുമാണ് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽ സംസാരിച്ചത്.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ കെ ശ്രീലത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.പി ഉസ്മാൻ സി പി എം കൗൺസിലർമാരായ പി രഘു , കെ നന്ദനൻ എന്നിവർ അനുകൂലിച്ച് സംസാരിച്ചപ്പോൾ മുസ്ലിം ലീഗിലെ പി.കെ ബൽക്കീസ് , സമീർ പുന്നാട് , വി. പി റഷീദ് , പി ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ , ടി.കെ ഷരീഫ , സി സാജിദ , കോൺഗ്രസിലെ വി ശശി , എൻ .കെ ഇന്ദു മതി , ബി ജെ പി യിലെ എകെ ഷൈജു , എസ്ഡിപിഐ യിലെ പി ഫൈസൽ എന്നിവരും പ്രതികൂലിച്ചും സഭയിൽ പ്രസംഗിച്ചു.
യുഡിഎഫിൻ്റെ രണ്ട് പ്രതിനിധികൾ അവധിയിലും ബി ജെ പി യുടെ ഒരു പ്രതിനിധി വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിഞ്ഞില്ല.