സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു; മഴക്കെടുതിയിൽ നാല് മരണം

ആലപ്പുഴയിൽ കാർ കനാലിലേക്ക് വീണ് ബിജോയ് ആന്‍റണി എന്നയാളും പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു. കണ്ണൂർ അഴീക്കോട് കുളത്തിൽ നീന്താനിറങ്ങിയ 21കാരന്‍ ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനും മരിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് ഉള്ള കാസര്‍കോട് കനത്ത മഴ തുടരുകയാണ്. ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. നീലേശ്വരം കോട്ടപ്പുറത്ത് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. നീലേശ്വരം ആനച്ചാലില്‍ കനത്ത കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലകളിലും നഗരത്തിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് കനത്ത മഴയാണ്. മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് പുല്ലാട് പുഴയ്ക്ക് കുറുകേയുള്ള വായാട് പാലം അപകടാവസ്ഥയിലായി.
കണ്ണൂരിലും കനത്ത മഴ തുടരുകയാണ്. കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിനോട് ചേർന്ന് ബാവലിപ്പുഴയിൽ നിർമിച്ച താത്കാലിക തടയണ കുത്തൊഴുക്കിൽ തകർന്നു. ചെറുപുഴയിൽ കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകുകയാണ്. തലശ്ശേരിയിൽ ടിസി മുക്കിൽ മേൽപ്പാലത്തിനടിയിൽ വെളളക്കെട്ട് രൂക്ഷമായി. അതുപോലെ പാലക്കാട് ജില്ലയിൽ മലയോരമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരം ഒൻപതാം വളവിൽ കൂറ്റൻപാറ വീണ് ഗതാഗതതടസം ഉണ്ടായി. ചുരം വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
കണ്ണമാലിയിലും, എടവനക്കാടും വീടുകളിൽ കടൽ വെള്ളം കയറിയിട്ടുണ്ട്. കണ്ണമ്മാലി ചെല്ലാനം റോഡ് മുങ്ങിയിട്ടുണ്ട്. രണ്ടിടത്തും കടൽ ഭിത്തി തകർന്നത് സ്ഥിതി രൂക്ഷമാക്കി. എറണാകുളത്തിന്‍റെ തീരമേഖലയിൽ അടക്കം 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്