ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇസ്രായേൽ മന്ത്രി
ദില്ലി: ഇസ്രായേലും ഇറാനും തമ്മിൽ ഏറ്റുമുട്ടൽ കനക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാൻ നീക്കം നടത്തുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇറാനിലും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. ഇരുനൂറിലേറെ വിദ്യാർത്ഥികൾ അർമേനിയൻ അതിർത്തി കടന്നു. വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിൽ സർവകലാശാലകളുടെയും പിന്തുണ ഇന്ത്യ തേടി. ഇറാൻ, ഇസ്രയേൽ വിദേശകാര്യ മന്ത്രിമാരുമായി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സംസാരിച്ചു.അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നതായി റിപ്പോർട്ട്. ടെഹ്റാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 45 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് സൈന്യം അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാൻ ആക്രമണം നടത്തുകയാണ്. ഹൈഫയും ടെൽ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതുവരെ മരണം 21പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ പറയുന്നു.