സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്‍ദ്ധനയുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും പകര്‍ച്ചവ്യാധി കേസുകള്‍ കൂടാന്‍ ഇടയാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആനുപാതികമായി ജീവനക്കാരില്ലാത്തതും തിരിച്ചടിയായി.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പ്രതിദിനം ആയിരത്തിനു മുകളില്‍ രോഗികള്‍ പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും പടരുന്നു. ഒരു മാസത്തിനിടെ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത് 1951 രോഗികളാണ്. 7394 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. പത്ത് മരണങ്ങളും ഡെങ്കിമൂലമുണ്ടായി. ഒരു മാസത്തിനിടെ 381 പേര്‍ക്ക് എലിപ്പനി പിടിപെട്ടപ്പോള്‍ 22 മരണം സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. ഒരു മാസത്തിനിടെ പനിബാധിച്ച് മരിച്ചത് 55 പേരാണ്.

ആറുമാസത്തിനിടെ 12 ലക്ഷത്തിലധികം ആളുകള്‍ക്കാണ് പനി ബാധിച്ചത്. 1126 മഞ്ഞപിത്തം സ്ഥിരീകരിച്ചപ്പോള്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും പകര്‍ച്ചവ്യാധി പ്രതിരോധത്തെ താളം തെറ്റിച്ചു. രോഗികളുടെ എണ്ണം കൂടുതലായിട്ടും ഒട്ടുമിക്ക ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരില്ല. ഇതും രോഗികളെ കൂടുതല്‍ വലയ്ക്കുന്നു. വരും ദിവസങ്ങളിലും പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ദ്ധനയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.