1.32 ലക്ഷം കോടി രൂപ ഇന്ത്യയിലേക്ക്, ഗൂഗിളിന്റെ എഐ ഹബ്ബാകാന്‍ ആന്ധ്ര

1.32 ലക്ഷം കോടി രൂപ ഇന്ത്യയിലേക്ക്, ഗൂഗിളിന്റെ എഐ ഹബ്ബാകാന്‍ ആന്ധ്ര


<p><strong>സാ</strong>ങ്കേതികവിദ്യയുടെ ലോകത്ത് ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി! എഐ രംഗത്ത് ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.32 ലക്ഷം കോടി രൂപ) മുടക്കി ദക്ഷിണേന്ത്യയില്‍ ഒരു ഡാറ്റാ സെന്റര്‍ ഹബ്ബ് സ്ഥാപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇത് യു.എസ്സിന് പുറത്ത് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രമായി മാറും! വളര്‍ന്നുവരുന്ന എഐ സേവനങ്ങള്‍ക്കായി ക്ലൗഡ് ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിക്ഷേപം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണമാണ് ഈ സ്വപ്ന പദ്ധതിയുടെ ആസ്ഥാനമാകാന്‍ പോകുന്നത്. ഗൂഗിളിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ റൈഡന്‍ ഇന്‍ഫോടെക് വിശാഖപട്ടണത്ത് മൂന്ന് കാമ്പസുകളിലായി ഈ ഡാറ്റാ സെന്റര്‍ ഹബ്ബ് വികസിപ്പിക്കാനാണ് ആലോചിക്കുന്നത്.ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 1-ഗിഗാവാട്ട് പദ്ധതിക്ക് 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വരുമെന്ന് ആന്ധ്രാപ്രദേശ് മാനവ വിഭവശേഷി വികസന മന്ത്രി നാരാ ലോകേഷ് അറിയിച്ചു.</p><p>ലോകമെമ്പാടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ, ക്ലൗഡ് സേവനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിലനിര്‍ത്താന്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ കമ്പനികള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ്. ഈ ട്രെന്‍ഡിന്റെ ഭാഗമാണ് ഗൂഗിളിന്റെ ഇന്ത്യയിലെ ഈ ചുവടുവെയ്പ്പ്. ഈ വര്‍ഷം ജൂലൈയില്‍, ഗൂഗിള്‍ തങ്ങളുടെ ക്ലൗഡ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡ് കാരണം 2025-ലെ മൂലധന ചെലവ് 75 ബില്യണ്‍ ഡോളറില്‍ നിന്ന് 85 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ വളരുന്ന സാങ്കേതികവിദ്യ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എഡബ്ല്യുഎസ് തുടങ്ങിയ ആഗോള കമ്പനികള്‍ വന്‍കിട നിക്ഷേപങ്ങളുമായി രാജ്യത്തേക്ക് എത്തുന്നത്. ഇന്ത്യയെ ഒരു എഐ സൂപ്പര്‍ പവറാക്കി മാറ്റുന്നതില്‍ ഈ നിക്ഷേപം നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.