‘ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; സമാധാന നോബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

‘ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; സമാധാന നോബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്



വാഷിങ്ടൺ ഡിസി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് അവാർഡ് നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ട്രംപ് പറഞ്ഞു, “വെനിസ്വേലയിൽ മരിയ കൊറിന മച്ചാഡോയെ ഞാൻ ഏറെക്കാലമായി സഹായിക്കുന്നു. അവർക്ക് നാട്ടിൽ വലിയ സഹായം ആവശ്യമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിച്ചതിൽ ഞാൻ സന്തോഷവാനാണ്.” കൂടാതെ, കൊറിന മച്ചാഡോ തനിക്കുവേണ്ടിയാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.

ട്രംപ് വാർത്താ സമ്മേളനത്തിൽ വെനിസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം പരിഗണിച്ചാണ് കൊറിന മച്ചാഡോയ്ക്ക് സമാധാന നോബേൽ സമ്മാനം നൽകിയത് എന്ന് പറഞ്ഞു. എന്നാൽ ട്രംപ് തന്റെ നേട്ടങ്ങൾ എടുത്തു പറയുകയും, ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനെ അടിസ്ഥാനമാക്കി താൻ നോബേൽ സമ്മാനം അർഹിച്ചിരുന്നുവെന്ന് കൂട്ടിച്ചേർത്തു. “എനിക്ക് ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന്റെ നേട്ടം ഉണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ മാത്രമേ നോബേൽ സമ്മാനം ലഭിക്കുമെന്ന് അവർ പറഞ്ഞു.”

ഇസ്രയേൽ-ഇറാൻ, അർമേനിയ-അസർബൈജാൻ, കൊസോവോ-സെർബിയ, ഈജിപ്റ്റ്-എത്യോപ്യ, റുവാണ്ട-കോംഗോ തുടങ്ങിയ യുദ്ധങ്ങൾ അവസാനിപ്പിച്ചതും തന്റെ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് നോബേൽ സമ്മാനം ലഭിക്കാത്തതിന് വിഷമമുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, തൻ്റെ പ്രവർത്തനങ്ങൾ ലോക സമാധാനത്തിന് സംഭാവന നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.