എസ്ഐആർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടില്ല, പുതിയ നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ: കെ സി വേണുഗോപാല്‍


എസ്ഐആർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടില്ല, പുതിയ നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ: കെ സി വേണുഗോപാല്‍


തിരുവനന്തപുരം: ജനാധിപത്യപരമായി നടപ്പാക്കപ്പെടുന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബിജെപി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്ന് കെ സി ആരോപിച്ചു.യുക്തിരഹിതമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്ന എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതാണ്. എസ്.ഐ.ആര്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം വെച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത ബംഗാളിലും, പഞ്ചാബിലും, തമിഴ്‌നാട്ടിലും ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ നിഗൂഢ ശ്രമത്തെ എതിർത്തിരുന്നതാണ്. എന്നിട്ടും രാഷ്ട്രീയ പാർട്ടികളോട് പോലും ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായി എസ്. ഐ. ആര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.പാർലമെൻറിൽ ഒരിക്കൽ പോലും ചർച്ച ചെയ്യാൻ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് പൂർണ സ്വാതന്ത്ര്യം കൊടുത്ത് രാജ്യമെമ്പാടും തങ്ങൾക്ക് അനുകൂലമായ കളമൊരുക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. ആരാണ് എവിടെ നിന്നാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എന്നറിയാൻ താൽപര്യമുണ്ട്. രാജ്യത്തെ ദീര്‍ഘകാല തയ്യാറെടുപ്പും വിശദമായ ചര്‍ച്ചകളും ആവശ്യമായ എസ് ഐ ആര്‍ പ്രക്രിയ തിടുക്കത്തില്‍ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴങ്ങിക്കൊടുക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ബീഹാറില്‍ എസ്. ഐ.ആറിന്റെ ഭരണഘടന സാധുത ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 46 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.2002 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 25 വർഷം മുമ്പുള്ള രേഖകൾ സമർപ്പിക്കാനും, ഗൂഡലക്ഷ്യത്തോടെ ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിലെ സാംഗത്യവും ദുരൂഹമാണ്. അതിനുശേഷമുള്ള കാലയളവില്‍ നിലവിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും ഈ പ്രക്രിയയുടെ ഭാഗമാകണമെന്നത് വോട്ടര്‍മാര്‍ക്കുള്ള ശിക്ഷയാണ്. വോട്ടര്‍ പട്ടികയില്‍ നിന്നും ടാര്‍ജറ്റഡായി ബിജെപി അനുകൂല വോട്ട് ഉള്‍പ്പെടുത്താനും അല്ലാത്തവയെ ഒഴിവാക്കാനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച എസ്.ഐ.ആറെന്നും വേണുഗോപാല്‍ പറഞ്ഞു.