വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ

വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ

facebook sharing button
twitter sharing button
whatsapp sharing button

തിരുവനന്തപുരം:  ആറ്റിങ്ങലിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടകര കണ്ണൂക്കര സ്വദേശിനി അസ്മിനയുടെ മൃതദേഹമാണ് മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്നു പൊലീസ് പറഞ്ഞുകൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയില്‍ ചെറിയ മുറിവുണ്ട്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്കു പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. ബുധനാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞും ജോബി പുറത്തേക്കു വരാതായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അഞ്ചു ദിവസം മുന്‍പാണ് ജോബി ലോഡ്ജില്‍ ജോലിക്ക് എത്തിയത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.