അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് വൻ ജനാവലി
ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയെ ഏതാണ്ട് പൂർണമായി തുടച്ചുനീക്കിയതായിരുന്നു ഉണ്ടായ മണ്ണിടിച്ചിൽ. തകർന്ന ഒരു നാടിൻ്റെ നോവായി ബിജു മടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. പതിനൊന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകൾ പൂർത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജൻ ശ്യാം തീ കൊളുത്തി.കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെ ഉൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മാറ്റിപ്പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽ പെട്ടത്. വീടിൻ്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു. രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലർച്ചെ നാലരയോടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.സ്ഥലത്ത് ദേശീയ പതയുടെ നിർമാണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ദേശീയ പാത അതോറിറ്റി കൈയൊഴിഞ്ഞു. ബിജുവും ഭാര്യയും അപകടത്തിൽ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദേശം നൽകിയിരുന്നുവെന്നുമാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. അപകടാവസ്ഥയിലുള്ള സ്ഥലത്തെ വീടുകളിൽ കഴിയുന്നവരെ ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാർട്ടേഴ്‌സുകളിലേക്ക് മാറ്റാനാണ് തീരുമാനം. ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ ആഴ്ചകൾ വേണ്ടി വരും. നിലവിൽ നടക്കുന്ന ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.