എല്ലാം തെളിയുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം; വീട്ടിൽ നിന്ന് അന്വേഷണ സംഘം രേഖകൾ പിടിച്ചെടുത്തു


എല്ലാം തെളിയുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം; വീട്ടിൽ നിന്ന് അന്വേഷണ സംഘം രേഖകൾ പിടിച്ചെടുത്തു



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകൾ പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ്‌ അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിൽ പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നാണ് വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാ​ഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.കഴിഞ്ഞ ദിവസം പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടിയുണ്ടായത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ കട്ടിളപ്പടിയുടെയും ദ്വാരപാലക ശില്പങ്ങളുടെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.