പിഎം ശ്രീ പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ, പദ്ധതിയിൽ ചേരുകയാണെങ്കിൽ കേരളത്തിന് എൻഇപി നടപ്പാക്കാതെ പറ്റില്ല

പിഎം ശ്രീ പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ, പദ്ധതിയിൽ ചേരുകയാണെങ്കിൽ കേരളത്തിന് എൻഇപി നടപ്പാക്കാതെ പറ്റില്ല


<p><strong>തിരുവനന്തപുരം</strong> : പിഎം ശ്രീയിൽ ചേർന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാറിന് സ്വീകരിക്കാനാകില്ല. എൻഇപി അംഗീകരിക്കണമെന്നാണ് പിഎം ശ്രീ പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ തന്നെ. എൻഇപി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന വ്യവസ്ഥ പിഎം ശ്രീയുടെ ധാരണാപത്രത്തിലുമുണ്ട്. ഫണ്ട് വേണം, പക്ഷം നയം നടപ്പാക്കില്ലെന്നതാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎം നേതാക്കളും ആവർത്തിക്കുന്നത്. എന്നാൽ പിഎം ശ്രീയിൽ ചേർന്നാൽ വിവാദമായ എൻഇപി നടപ്പാക്കാതെ പറ്റില്ല. പിഎം ശ്രീയ കരട് ചട്ടക്കൂടിലെ ഒൻപത് വ്യവസ്ഥകളിൽ ഒന്നാമത്തേത് തന്നെ എൻഇപിക്ക് പ്രധാന്യവും പ്രചാരണവും നൽകണമെന്നാണ്. ഓരോ ബ്ലോക്കുകളിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് സ്കൂളുകളാണ് പദ്ധതിക്ക് കീഴിൽ വരിക. പക്ഷെ ആ സ്കൂളുകളിൽ മാത്രമല്ല. എംഒയു ഒപ്പ് വെക്കുന്ന സംസ്ഥാനത്താകെ എൻഇപി വേണമെന്ന നിർദ്ദേശവുമുണ്ട്.</p><p>പിഎംശ്രീ കരട് ചട്ടക്കൂടിലെ ധാരണപത്രത്തെ കുറിച്ച് പറയുന്ന ഭാഗത്തെ ആദ്യ വ്യവസ്ഥയും ഇത് തന്നെയാണ്. മറ്റാര് വിട്ടുനിന്നാലും ഇടത് സർക്കാർ ഭരിക്കുന്ന കേരളം പിഎം ശ്രീയിൽ ഉണ്ടാകണമെന്ന നിർബന്ധം നേരത്തെ മുതൽ കേന്ദ്രത്തിന് ഉണ്ട്. നേരത്തെ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും ഫണ്ടിന് എൻഇപി വേണമെന്ന നിലപാടാണ് ആവർത്തിച്ചത്. ഇപ്പോൾ എൻഇപി നടപ്പാക്കില്ലെന്ന് പറയുന്നത് സിപിഐയുടെ അടക്കം എതിർപ്പുകൾ തണുപ്പിക്കാനാണ്. അതേ സമയം പദ്ധതിയിൽ ചേരുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎം ശ്രീ എന്ന ബോർഡ് വെച്ചാൽ മതി പ്രധാനമന്ത്രിയുടെ ഫോട്ടോ നിർബന്ധമില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വാദം. കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ പല കാലത്തും കേരളം അതേപടി നടപ്പാക്കിയിട്ടില്ലെന്ന വിശദീകരണും വിമർശനങ്ങളെ ചെറുക്കാൻ വകുപ്പ് ഉന്നയിക്കുന്നു.