സമാധാന നൊബേല്‍ പ്രതീക്ഷിച്ച ട്രംപിന് നിരാശയുടെ ദിനം; വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം; ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് മരിയ നിസ്തുല പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി

നോര്‍വേ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അല്ല. വെനിസ്വേലയിലെ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം ലഭിച്ചു.

ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ പരിവര്‍ത്തനത്തിനായുള്ള പോരാട്ടങ്ങള്‍ക്കുമാണ് മരിയ കൊറിന മാച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് വെള്ളിയാഴ്ച ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം മൊത്തം 338 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണ് ഉണ്ടായിരുന്നത്. നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ യോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നെസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയും സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുകയും ചെയ്ത സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരും ശക്തമായി പരിഗണിക്കപ്പെട്ടു. ഇസ്രായേല്‍, പാകിസ്ഥാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ, തായ്‌ലന്‍ഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിനെ നൊബേലിനെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ തന്നെ സമാധാന നൊബേലിനുളള നാമനിര്‍ദ്ദേശം പൂര്‍ത്തിയായിരുന്നു എന്നതാണ് വാസ്തവം.