ആളില്ല, വിമാനവുമില്ല; യുപിയില്‍ കഴിഞ്ഞവര്‍ഷം ഉദ്‌ഘാടനം ചെയ്ത നാല് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

ആളില്ല, വിമാനവുമില്ല; യുപിയില്‍ കഴിഞ്ഞവര്‍ഷം ഉദ്‌ഘാടനം ചെയ്ത നാല് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

കോടികൾ ചെലവഴിച്ച് നിർമിച്ച വിമാനത്താവളങ്ങളുടെ അവസ്ഥ ഇപ്പോൾത്തന്നെ വിമർശന വിധേയമായിട്ടുണ്ട്

icon

dot image

ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ നാലെണ്ണം താത്കാലികമായി പ്രവർത്തനം നിർത്തുന്നതായി റിപ്പോർട്ട്. ശൈത്യകാല ഷെഡ്യൂൾ ആരംഭിക്കാനിരിക്കെയാണ് ഈ കാലയളവിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുന്നതായി അറിയിപ്പ് വന്നത്. വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതും അനുയോജ്യമായ വിമാനങ്ങളുടെ ക്ഷാമവുമാണ് കാരണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നീ എയർപോർട്ടുകളാണ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചത്. ഇവയ്ക്ക് പുറമെ ഗുജറാത്തിലെ ഭാവ്നഗർ, പഞ്ചാബിലെ ലുധിയാന, സിക്കിമ്മിലെ പാക്യോങ് എയർപോർട്ടുകളും പ്രവർത്തനം നിർത്തിവെക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 26ന് ആരംഭിച്ച ശൈത്യകാല ഷെഡ്യൂൾ 2026 മാർച്ച് 28നാണ് അവസാനിക്കുക.

കോടികൾ ചെലവഴിച്ച് നിർമിച്ച വിമാനത്താവളങ്ങളുടെ അവസ്ഥ ഇപ്പോൾത്തന്നെ വിമർശനവിധേയമായിട്ടുണ്ട്. പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനെന്ന് പറഞ്ഞ് നിർമിച്ച വിമാനത്താവളങ്ങളാണ് ഇപ്പോൾ ആളും വിമാനവുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. 29 കോടി രൂപ ചെലവഴിച്ചാണ് ശ്രാവസ്തി വിമാനത്താവളം നിർമിച്ചത്. ചിത്രകൂട് വിമാനത്താവളത്തിനാകട്ടെ 146 കോടിയാണ് ചെലവായത്. പൊതുപണം ഇങ്ങനെ ചെലവഴിച്ചിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായത് എന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ശക്തമാണ്.

കഴിഞ്ഞ വർഷം യുപി സർക്കാർ നിർമിച്ച പല വിമാനത്താവളങ്ങളിലും വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയില്ല. 5 മുതൽ 19 സീറ്റ് വരെയുള്ള ടർബോ പ്രോപ് അല്ലെങ്കിൽ A1 കാറ്റഗറി വിമാനങ്ങൾക്ക് മാത്രമാണ് ഇവിടെ ലാൻഡ് ചെയ്യാനാകുക. ഭാവിയിൽ ഈ വിമാനത്താവളങ്ങൾ വികസിപ്പിക്കുമെന്നും കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്ന തരത്തിൽ അവയെ മാറ്റിയെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.