ദേശീയ വിദ്യാഭ്യാസ നയം: സംസ്ഥാന സർക്കാർ പിന്തിരിയണം: വിസ്ഡം പ്രതിനിധി സംഗമം

ദേശീയ വിദ്യാഭ്യാസ നയം: സംസ്ഥാന സർക്കാർ പിന്തിരിയണം: വിസ്ഡം പ്രതിനിധി സംഗമം

  ഇരിട്ടി :  കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം  ആവശ്യപ്പെട്ടു.

കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ നവംബർ 16 ന് ഇരിട്ടിയിൽ വെച്ച് നടക്കുന്ന ഫാമിലി എവയ്ക്കനിംഗ് കോൺഫറൻസിൻ്റെ ഭാഗമായാണ് ഇരിട്ടി  മണ്ഡലം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.

  നാടിൻ്റെ വികസനത്തിനുള്ള ഫണ്ട് ഉപാധികളോടെ മാത്രം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിൻ്റെ പൊതുനയത്തിനും, കീഴ്‌ വഴക്കങ്ങൾക്കും എതിരാണെന്നും, വികസന ഫണ്ട് തടഞ്ഞ് വെക്കുന്നത് നിയമ വ്യവസ്ഥയോടും, ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. 
സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ച നിലപാടിൽ നിന്നും പിൻ വാങ്ങുന്നതിൻ്റെ കാരണങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം.

വികസന ഫണ്ട് എന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണെന്നിരിക്കെ, ഫണ്ട് അനുവദിക്കുന്നതിൽ മാനദണ്ഡം സ്വീകരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാറും പിൻ വാങ്ങണമെന്ന് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു

സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ടിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉപാധികൾ വെക്കുന്നതിനെതിരെ നിയമപോരാട്ടത്തിന് സർക്കാർ തയ്യാറാകണമെന്നും മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സംഗമം വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം ചെയ്തു. അബ്ദു റസാഖ് കാവുംപടി അധ്യക്ഷത വഹിച്ചു. ബുഖാരി കൂത്തുപറമ്പ്, ടി.കെ.ഉബൈദ്, മിർസബ് അൽ ഹിമകി, ഹാഷിം കാക്കയങ്ങാട് തുടങ്ങിയവർ സംസാരിച്ചു. ശംസുദ്ദീൻ  ഉളിക്കൽ സ്വാഗതവും അൻഷാദ് നജാത്തി നന്ദിയും പറഞ്ഞു.