ഫേസ്ബുക്ക് പോസ്റ്റിന് രാഷ്ട്രപതിയെ അവഹേളിച്ച് അസഭ്യ കമന്റ്, യുവാവിനെതിരെ കേസ്, അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
പത്തനംതിട്ട: ശബരിമല സന്ദർശിക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്മുവിനെ അവഹേളിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അസഭ്യ കമന്റിട്ട യുവാവിനെതിരെ ഏനാത്ത് പോലീസ് കേസെടുത്തു. അടൂർ കുന്നിട സ്വദേശിയായ അനിൽകുമാർ (41) എന്നയാൾക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.സന്തോഷ് കുമാരൻ ഉണ്ണിത്താൻ എന്നയാൾ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അനിൽകുമാർ അശ്ലീലപരാമർശങ്ങൾ അടങ്ങിയ കമന്റ് ഇട്ടത്. ഏനാദിമംഗലം സ്വദേശിയായ പ്രവീൺകുമാർ എന്നയാളുടെ പരാതിയിന്മേൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കമന്റിട്ട അനിൽകുമാറിനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.