വീടിന്റെ വാതിൽ തുറന്നു തന്നെ, വിളിച്ചിട്ട് ഫോണിലും കിട്ടുന്നില്ല; പരിശോധനയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി, പൊലീസ് അന്വേഷണം
പാലക്കാട്:വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വാണിയംകുളം മാനന്നൂരിലാണ് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാന്നന്നൂർ വടക്കേകുന്നത്ത് വീട്ടിൽ വേലുക്കുട്ടി(62)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി സംശയമുണ്ട്. വീടിൻറെ വാതിൽ തുറന്നിട്ടു കാണുകയും ഫോൺ വിളിച്ചിട്ടും എടുക്കാതെ ആവുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രമേഹം ഉൾപ്പെടെയുള്ള അസുഖ ബാധിതനായിരുന്നു മരിച്ചയാൾ എന്ന് നാട്ടുകാർ പറഞ്ഞു. ബന്ധുക്കൾ ഒറ്റപ്പാലം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്തശേഷമേ മരണകാരണം വ്യക്തമാകൂ.