ഒടുവിൽ ​ഗാസയിൽ സമാധാന കൊടിയുയർത്തി; യുദ്ധം അങ്ങനെ അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും

ഒടുവിൽ ​ഗാസയിൽ സമാധാന കൊടിയുയർത്തി; യുദ്ധം അങ്ങനെ അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും



ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡ‍ന്റ് അബ്​ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുടേയും മധ്യസ്ഥതയിലാണ് കരാർ സാധ്യമായത്. ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇസ്രയേൽ, ഹമാസ് പ്രതിനിധികളും ഇതിൽ ഒപ്പിട്ടതോടെ രണ്ട് വർഷത്തോളം നീണ്ടു നിന്ന യുദ്ധവും അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിനമായതിനാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുത്തില്ല.

ഇസ്രയേൽ തടവിലുള്ള പലസ്തീൻ പൗരൻമാരേയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരേയും കരാറിന്റെ ഭാ​ഗമായി വിട്ടയച്ചു. സമാധാന പുലരുന്നതിന്റെ ഭാ​ഗമായി ട്രംപ് മുന്നോട്ടു വച്ച ഇസ്രയേലും ഹമാസും അം​ഗീകരിച്ച ഇരുപതിന പരിപാടികൾ ഉച്ചകോടി ചർച്ച ചെയ്ത് അം​ഗീകാരം നൽകി. പശ്ചിമേഷ്യയിൽ സുസ്ഥിര സമാധാനം വരേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി ചർച്ച ചെയ്തു.

കരാർ രേഖ വളരെ സമ​ഗ്രമാണെന്നു ട്രംപ് ആവകാശപ്പെട്ടു. ഈ കരറിലെത്താൻ 3000 വർഷമെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ഷറം അൽ ഷെയ്ഖിൽ പ്രസം​ഗിച്ച അദ്ദേഹം തന്റെ കരാറിലെന്താണെന്നു ആദ്യം വ്യക്തമാക്കി. നിയമങ്ങളും നിയന്ത്രണങ്ങളും മറ്റു പല കാര്യങ്ങളുമടങ്ങിയ കരാർ രേഖ അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തവർക്കു മുന്നിൽ അവതരിപ്പിച്ചു. തുടർന്നാണ് കരാറിൽ മറ്റു രാജ്യങ്ങൾ ഒപ്പുവച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം വിദേശകാര്യ സഹ മന്ത്രി കീർത്തിവർധൻ സിങാണ് പങ്കെടുത്തത്.