ബിലാസ്പൂർ ട്രെയിൻ ദുരന്തം; മരിച്ച 11 പേരിൽ ലോക്കോ പൈലറ്റും, കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ

ബിലാസ്പൂർ ട്രെയിൻ ദുരന്തം; മരിച്ച 11 പേരിൽ ലോക്കോ പൈലറ്റും, കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ



ദില്ലി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മെമ്മു പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. വൈകുന്നേരം നാലുമണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമായിട്ടാണ് അപകടം നടന്നത്. ഒരേ പാളത്തിലായിരുന്നു രണ്ട് ട്രെയിനുകളും. ഇടിച്ചുകയറിയ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻ കോച്ചുകൾ ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. സംഭവം അറിയിച്ചതുടൻ തന്നെ റെയിൽവേ അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്ന യാത്രക്കാരെയും മുഴുവൻ പുറത്തെടുത്തു കഴിഞ്ഞതായി റെയിൽവേ അറിയിച്ചു.

അപകടത്തിന് റെയിൽവേയുടെ അനാസ്ഥ കാരണമായെന്നാണ് കോൺഗ്രസ് പാർട്ടി വിമർശിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അപായസിഗ്നൽ കണ്ടിട്ടും മെമ്മു ട്രെയിൻ യാത്ര തുടരുകയായിരുന്നു എന്നതാണ് കൂട്ടിയിടിയുടെ പ്രധാന കാരണം എന്ന് വിലയിരുത്തുന്നു. ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ കോർബ മെമ്മു പാസഞ്ചർ ട്രെയിൻ ഇടിച്ചുകയർന്നതിനെ തുടർന്ന് ട്രെയിനിന്റെ ആദ്യത്തെ മൂന്ന് ബോഗികളിലെ യാത്രക്കാരാണ് കൂടുതലും പരിക്കേറ്റത്. അപകടസ്ഥലത്ത് പാത തടസ്സപ്പെട്ടതിനാൽ ട്രെയിൻ ഗതാഗതത്തിലും തടസമുണ്ടായി. ഈ മേഖലയിൽ റെയിൽവേ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാകേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപവരെയും നഷ്ടപരിഹാരമായി നൽകുമെന്ന് റെയിൽവേ അറിയിച്ചു. അപകടബാധിതരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടകരമായ അവസ്ഥയിൽ കുടുങ്ങിയ കോച്ചുകൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സിഗ്നൽ സംവിധാനം അടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ഉയർന്നിരിക്കുകയാണ്.