സി കെ നായിഡു ട്രോഫി: പഞ്ചാബിനെതിരെ കേരളം 202 റണ്‍സിന് പുറത്ത്


സി കെ നായിഡു ട്രോഫി: പഞ്ചാബിനെതിരെ കേരളം 202 റണ്‍സിന് പുറത്ത്



ചണ്ഡീഗഢ്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ പഞ്ചാബിനെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 202 റണ്‍സിന് പുറത്ത്. 79 റണ്‍സെടുത്ത ഓപ്പണര്‍ എ കെ ആകര്‍ഷ് മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ജാസ് സിങ്ങിന്റെ പ്രകടനമാണ് കേരളത്തെ തകര്‍ത്തത്. മറുപടി ബാറ്റിങ് തുടങ്ങിയ പഞ്ചാബ് കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ ഒന്‍പത് റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 41 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.കാര്‍ത്തിക് ഏഴും വരുണ്‍ നായനാര്‍ എട്ടും പവന്‍ ശ്രീധര്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ കാമില്‍ അബൂബക്കറും എ കെ ആകര്‍ഷും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെ ആയിരുന്നു. 31 റണ്‍സെടുത്ത കാമിലിനെ പുറത്താക്കി ഇമാന്‍ജ്യോത് സിങ്ങാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയ ആസിഫ് അലിയും ആകര്‍ഷിന് മികച്ച പിന്തുണയായി. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ 19 റണ്‍സെടുത്ത ആസിഫ് അലി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമായി. തൊട്ടുപിറകെ 79 റണ്‍സെടുത്ത ആകര്‍ഷും പുറത്തായി. ഹര്‍ജാസ് സിങ്ങാണ് ആകര്‍ഷിനെ പുറത്താക്കിയത്. ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആകര്‍ഷിന്റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ പത്തും വിജയ് വിശ്വനാഥ് ഒന്‍പതും റണ്‍സെടുത്ത് മടങ്ങി.ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായതോടെ 202 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റിന് 170 റണ്‍സില്‍ നിന്നാണ് 202ലേക്ക് കേരളം തകര്‍ന്നടിഞ്ഞത്. അഞ്ച് വിക്കറ്റെടുത്ത ഹര്‍ജാസ് സിങ്ങിന് പുറമെ ഗര്‍വ് കുമാര്‍, ഇമാന്‍ജ്യോത് സിങ് ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.