പ്രധാനമന്ത്രിയെ കാണാൻ സിറോ മലബാർ സഭാ നേതൃത്വം, സൗഹൃദ സന്ദർശനമെന്ന് വിശദീകരണം, ഛത്തീസ്ഗഡിൽ പാസ്റ്റർമാരെ വിലക്കിയ സംഭവം ഉന്നയിച്ചേക്കും

പ്രധാനമന്ത്രിയെ കാണാൻ സിറോ മലബാർ സഭാ നേതൃത്വം, സൗഹൃദ സന്ദർശനമെന്ന് വിശദീകരണം, ഛത്തീസ്ഗഡിൽ പാസ്റ്റർമാരെ വിലക്കിയ സംഭവം ഉന്നയിച്ചേക്കും


ദില്ലി: സിറോ മലബാർ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച.ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.ഛത്തീസ്ഗഡിൽ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കിയ സംഭവവും മോദിക്ക് മുന്നിൽ ഉന്നയിച്ചേക്കും.ഛത്തീസ്​ഗഡിലെ ചില ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും, പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ രംഗത്ത് വന്നിരുന്നു. വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാ​ഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്​ഗഡ് ഹൈക്കോടതി തള്ളിയിരുന്നു