സമസ്ത മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു

സമസ്ത മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു



പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ കോഴിക്കോട്ട് അന്തരിച്ചു. 80 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ക്യാമ്പസിലെ ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ- ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

സുന്നി മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുന്‍ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


1945ല്‍ കുഞ്ഞായിന്‍ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായാണ് ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തില്‍, ചാലിയം, വടകര എന്നിവിടങ്ങളില്‍ ദര്‍സ് പഠനം.