
തിരുവനന്തപുരം: കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിൽ, കേരളത്തിന്റെ സാമൂഹിക പരിണാമവും നവോത്ഥാന ചരിത്രവും മുഖ്യമന്ത്രിക്ക് പ്രത്യേകം ഓർമ്മിപ്പിക്കാനായി. ഒരുകാലത്ത് സ്വാമി വിവേകാനന്ദൻ ‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ മുന്നേറ്റങ്ങൾ മനസ്സിലാക്കാൻ പഴയ കേരളത്തിന്റെ പശ്ചാത്തലം ഓർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടേതായിരുന്നു അഭിപ്രായം. അടിസ്ഥാന സൗകര്യ വികസനത്തെയും സാമൂഹിക പുരോഗതിയെയും മുന്നോട്ടുകൊണ്ടുപോകുന്നതിൽ കിഫ്ബി നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി രൂപീകരിച്ച 25 വർഷത്തിനിടെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പരിഷ്‌കരണങ്ങൾക്ക് വൻ തോതിൽ നിക്ഷേപങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. 1991 നവംബർ 11-ന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ രൂപീകരിച്ച കിഫ്ബി, 1999-ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരമാണ് നിലവിലെ ഘടനയിൽ എത്തിയത്. സാമ്പത്തിക മന്ദഗതികളെ നേരിടുകയും, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, വികസന പദ്ധതികളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കിഫ്ബിയുടെ മുഖ്യ ലക്ഷ്യം. 25 വർഷത്തിനിടെ 90,562 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകുകയും സംസ്ഥാന വികസനത്തിന്റെ പ്രധാന ചക്രവാളമായി ഇത് മാറുകയും ചെയ്തു.
നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുള്ള കിഫ്ബി, ഇതിൽ 37,388 കോടി രൂപ നേരിട്ട് വിനിയോഗിച്ചുകഴിഞ്ഞു. റോഡ് വികസനം, ദേശീയപാതാ വിപുലീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ, വ്യവസായ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് വേണ്ടിയുള്ള സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ചെലവ് നടന്നിരിക്കുന്നത്. പൂർത്തിയായ പദ്ധതികളുടെ മൂല്യം 21,881 കോടി രൂപയായപ്പോൾ, 27,273 കോടി രൂപയുടെ പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയപാതാ വികസനത്തിനായി സംസ്ഥാന വിഹിതമായി 5,581 കോടി രൂപ കൈമാറിയതും പ്രധാന നേട്ടമാണ്. പരിപാടിയുടെ ഭാഗമായി കിഫ്ബിയുടെ നേട്ടങ്ങൾ രേഖപ്പെടുത്തുന്ന സുവനീറും മലയാളവും ഇംഗ്ലീഷും ഉൾപ്പെടുന്ന കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
