
ഡൽഹിയുടെ പേര് മാറ്റി ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. പ്രവീൺ ഖണ്ഡേവാൽ ആണ് ഈ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്ത് നൽകിയത്. സംകാരിക ചരിത്ര ഘടകങ്ങൾ പരിശോധിക്കണമെന്ന് കത്തിൽ പറയുന്നു. ദേശീയ തലസ്ഥാനത്ത് പാണ്ഡവരുടെ വലിയ പ്രതിമകൾ സ്ഥാപിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ഇതുകൂടാതെ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനെ ‘ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ’ എന്നും അന്താരാഷ്ട്ര വിമാനത്താവളത്തെ ‘ഇന്ദ്രപ്രസ്ഥ വിമാനത്താവളം’ എന്നും പുനർനാമകരണം ചെയ്യണമെന്നും കത്തിൽ പറയുന്നു.
ഡൽഹിയുടെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളത് മാത്രമല്ല, ഇന്ത്യൻ നാഗരികതയുടെ ആത്മാവും പാണ്ഡവർ സ്ഥാപിച്ച ‘ഇന്ദ്രപ്രസ്ഥ’ നഗരത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ്. ഡൽഹി വെറുമൊരു ആധുനിക മഹാനഗരമല്ല, മറിച്ച് ഇന്ത്യൻ നാഗരികതയുടെ ആത്മാവാണെന്ന് ഖണ്ഡേൽവാൾ കത്തിൽ പരാമർശിച്ചു. പ്രയാഗ്‌രാജ്, അയോധ്യ, ഉജ്ജയിൻ, വാരണാസി തുടങ്ങിയ രാജ്യത്തെ മറ്റ് ചരിത്ര നഗരങ്ങൾ അവയുടെ പുരാതന സ്വത്വങ്ങളുമായി വീണ്ടും ഒന്നിക്കുമ്പോൾ, ഡൽഹിയെ അതിന്റെ യഥാർത്ഥ രൂപത്തിൽ ബഹുമാനിക്കണമെന്നതാണെന്നും ഖണ്ഡേൽവാൾ കത്തിൽ പറയുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ പുണ്യഭൂമിയിൽ പാണ്ഡവരുടെ പ്രതിമകൾ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും പുനരുജ്ജീവിപ്പിക്കും. ഇത് പാണ്ഡവരുടെ ധാർമ്മികതയുടെയും നീതിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും പുതിയ തലമുറയെ ഓർമ്മിപ്പിക്കുമെന്നും ഖണ്ഡേൽവാൾ കത്തിൽ പറയുന്നുണ്ട്.
