രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചിരുന്നത് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരില്‍; പോലീസ് എത്തിയതോടെ കര്‍ണാടകയിലേക്ക് കടന്നു

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചിരുന്നത് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരില്‍; പോലീസ് എത്തിയതോടെ കര്‍ണാടകയിലേക്ക് കടന്നു


ബെംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരുവില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പാലക്കാട്ടുനിന്ന് ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എവിടേക്കാണ് രാഹുല്‍ കടന്നത് എന്ന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെയാണ് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരുവിലെ രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്. ഉടനെ കോയമ്പത്തൂരില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം ബാഗലൂരുവിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍, പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു. കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം.

അന്വേഷണസംഘം എത്തുമ്പോള്‍ ഒളിയിടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ കാര്‍ ഉണ്ടായിരുന്നു. ഇതിലെ ഡ്രൈവര്‍ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധന നടത്തുകയാണ്. കാര്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒളിയിടത്തില്‍ നിന്ന് മറ്റൊരു കാറില്‍ രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.