മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മരിച്ചു,ലോറി ഉയര്‍ത്തിയത് 7 മണിക്കൂറിലേറെ പണിപ്പെട്ട്

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മരിച്ചു,ലോറി ഉയര്‍ത്തിയത് 7 മണിക്കൂറിലേറെ പണിപ്പെട്ട്



മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മുസ്തഫ മരിച്ചു. ഏഴ് മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം ലോറിയില്‍ നിന്ന് പുറത്തെടുത്തത്.

വളരെ ആയാസപ്പെട്ട് ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ജാഫര്‍ ചികിത്സയിലാണ്. ജാഫറിനെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.വെള്ളത്തിലും ചെളിയിലും പൂര്‍ണമായി മുങ്ങിയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയര്‍ത്താന്‍ സാധിച്ചത്.

ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമാണ് പഴയ ക്വാറിയിലെ വെളളക്കെട്ട്.

പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം ആയതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.