
ക്വറ്റ/ഇസ്ലാമാബാദ്: പാകിസ്താനിലെ അസ്ഥിര മേഖലയായ ബലൂചിസ്താനിൽ പാസഞ്ചർ ട്രെയിൻ ലക്ഷ്യമിട്ടുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു (Pakistan train blast Balochistan). മുപ്പതിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ഏതാനും ബോഗികൾ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. കത്തിയമരുന്ന ബോഗികളുടെയും അവശിഷ്ടങ്ങളുടെയും ദാരുണമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ബലൂചിസ്താനിലെ ഉൾപ്രദേശത്ത് വെച്ചാണ് സർവീസ് നടത്തുകയായിരുന്ന ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന ഐ.ഇ.ഡി (IED) റിമോട്ട് കൺട്രോൾ വഴി സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സ്ഫോടനത്തെ തുടർന്ന് ട്രെയിൻ പൂർണ്ണമായും കത്തിയമരുന്നതും പുകച്ചുരുളുകൾ ഉയരുന്നതുമായ ഭീതിജനകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ വൃത്തങ്ങൾ നൽകുന്ന വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ക്വറ്റയിലെയും സമീപ പ്രദേശങ്ങളിലെയും മിലിട്ടറി, സിവിൽ ആശുപത്രികളിലേക്ക് മാറ്റി. ബലൂചിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകളാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
