ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പ് ചെയ്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോലീസുകാരന്റെ ഭാര്യ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍! ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനക്കേസ്; ബെംഗളൂരുവിലെ യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പ് ചെയ്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോലീസുകാരന്റെ ഭാര്യ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍! ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനക്കേസ്; ബെംഗളൂരുവിലെ യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം



ബെംഗളൂരു: ബംഗളുരുവില്‍ പോലീസുകാരന്റെ ഭാര്യയെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. ബെംഗളൂരു എച്ച്.എ.എല്‍. പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രാജേഷ് ആരാധ്യയുടെ ഭാര്യ ലക്ഷ്മിപ്രിയ(26)യെയാണ് കെ.ആര്‍. പുരയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് തന്റെ മൊബൈല്‍ ഫോണിന്റെ പാസ്വേഡ് ലക്ഷ്മിപ്രിയ സ്വന്തം സഹോദരിക്ക് വാട്‌സാപ്പില്‍ അയച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ക്രൂരമായ ഗാര്‍ഹിക-സ്ത്രീധന പീഡനമാണ് ലക്ഷ്മിപ്രിയയുടെ മരണത്തിന് കാരണമായി കുടുംബം ആരോപിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലക്ഷ്മിപ്രിയ തന്റെ ഇളയ സഹോദരിയുമായി വാട്‌സാപ്പില്‍ അവസാനമായി സംസാരിച്ചത്. സംഭാഷണത്തിനിടെ തന്റെ മൊബൈല്‍ ഫോണിന്റെ പാസ്വേഡ് ലക്ഷ്മിപ്രിയ സഹോദരിക്ക് അയച്ചുനല്‍കുകയായിരുന്നു. ഫോണ്‍ ലോക്ക് തുറക്കാനുള്ള രഹസ്യ നമ്പര്‍ പെട്ടെന്ന് അയച്ചുനല്‍കിയതോടെ സഹോദരിക്കും കുടുംബത്തിനും കടുത്ത സംശയമായി. ലക്ഷ്മിപ്രിയയെ ഫോണില്‍ തിരികെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഭര്‍ത്താവായ രാജേഷിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വൈകിട്ടോടെ ക്വാര്‍ട്ടേഴ്‌സിലെത്തിയ രാജേഷാണ് ലക്ഷ്മിപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി വീട്ടുകാരെ അറിയിച്ചത്. താന്‍ എത്തിയപ്പോഴേക്കും ഭാര്യ മരണപ്പെട്ടിരുന്നുവെന്നും ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നുമാണ് രാജേഷിന്റെ മൊഴി.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരമായ പീഡനമാണ് മരണത്തിന് കാരണവുമെന്നാണ് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിക്കുന്നത്. 2023 മേയ് 11-നായിരുന്നു മൈസൂരു സ്വദേശിയായ ലക്ഷ്മിപ്രിയയും കോണ്‍സ്റ്റബിള്‍ രാജേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ലക്ഷ്മിപ്രിയയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എട്ടുമാസം മുന്‍പാണ് ലക്ഷ്മിപ്രിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്ന ലക്ഷ്മിപ്രിയ രണ്ട് മാസം മുന്‍പാണ് രാജേഷിനൊപ്പം ബെംഗളൂരുവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. എന്നാല്‍ ഇവിടെയെത്തിയിട്ടും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ലെന്നാണ് സൂചന.

മരണത്തിന് തൊട്ടുമുമ്പ് ഫോണ്‍ പാസ്വേഡ് അയച്ചുനല്‍കിയതില്‍ ഫോണിനുള്ളില്‍ പീഡനവിവരങ്ങള്‍ അടങ്ങിയ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസുകാരനായ ഭര്‍ത്താവ് രാജേഷിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് സ്ത്രീധന പീഡനത്തിന് കേസെടുത്തിട്ടുണ്ട്.