കോഴിക്കോട്: നിരത്തില്‍ സാധാരണക്കാരന്‍ വണ്‍വേ തെറ്റിച്ചാലോ ഹെല്‍മെറ്റ് വെയ്ക്കാതിരുന്നാലോ കാമറക്കണ്ണുകള്‍ വെച്ച് പിഴയടിച്ച് പൂട്ടുന്ന മോട്ടോര്‍ വാഹന വകുപ്പിന് മുന്നിലേക്ക് ഇതാ ഒരു നിയമലംഘനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത. ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്ററോളം ദൂരം വണ്‍വേ തെറ്റിച്ച് പാഞ്ഞത് കെഎസ്ആര്‍ടിസി ബസാണ്. അതും ഫാസ്റ്റാഗില്‍ പണമില്ലാത്തതിന്റെ പേരില്‍ ടോള്‍ പ്ലാസയില്‍ കുടുങ്ങാതിരിക്കാന്‍ കാട്ടിയ അഭ്യാസ പ്രകടനം!
ദേശീയപാതയിലൂടെ പോകുന്ന കെഎസ്ആര്‍ടിസി ബസിലെ ഫാസ്റ്റാഗ് അക്കൗണ്ടില്‍ പണമില്ലാതിരുന്നതാണ് ഈ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ടോള്‍ പ്ലാസയ്ക്ക് അടുത്തെത്തിയപ്പോഴാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പോലുമില്ലെന്ന കാര്യം ഡ്രൈവര്‍ അറിയുന്നത്. ടോള്‍ ബൂത്തില്‍ കയറിയാല്‍ പണം അടയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും യാത്രക്കാരുടെ മുന്നില്‍ നാണംകെടും എന്നും മനസ്സിലാക്കിയതോടെ ഡ്രൈവര്‍ കടുത്ത ഒരു 'ബുദ്ധി' പ്രയോഗിച്ചു. ബസ് പെട്ടെന്ന് വണ്‍വേ റോഡിലേക്ക് തിരിച്ച് എതിര്‍ദിശയിലൂടെ മുന്നോട്ട് പായിക്കുകയായിരുന്നു.
ദേശീയപാതയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ വരുന്ന ട്രാക്കിലൂടെയാണ് മൂന്ന് കിലോമീറ്ററോളം ദൂരം ഈ ആനവണ്ടി മരണപ്പാച്ചില്‍ നടത്തിയത്. എതിര്‍ദിശയില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വരുന്നത് പോലും വകവെയ്ക്കാതെയായിരുന്നു ഈ നീക്കം. ബസിന്റെ ഈ വണ്‍വേ ഡ്രൈവിംഗ് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ ഭയന്നുവിറച്ചു.
വണ്‍വേയിലൂടെ പാഞ്ഞുപോയ ബസ് പിന്നീട് ടോള്‍ പ്ലാസ മറികടന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അപ്രതീക്ഷിതമായി വലിയൊരു ആനവണ്ടി സര്‍വീസ് റോഡിലേക്ക് ഇരച്ചുകയറിയതോടെ അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ കടുത്ത ഗതാഗതക്കുരുക്കില്‍ പെട്ടു. മണിക്കൂറുകളോളമാണ് സര്‍വീസ് റോഡില്‍ ഇതുമൂലം ബ്ലോക്ക് ഉണ്ടായത്.
സാധാരണക്കാരുടെ വണ്ടിയില്‍ ഒളിഞ്ഞിരുന്ന് പിഴയടിക്കുന്ന ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഈ കൊടും നിയമലംഘനം കണ്ടില്ലെന്ന് നടിക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഒടുവില്‍ ഉണര്‍ന്നത്. ദേശീയപാതയില്‍ ഇത്തരത്തില്‍ വണ്‍വേ തെറ്റിച്ച് സര്‍വീസ് തടസ്സപ്പെടുത്തിയത് കടുത്ത കുറ്റമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. കൃത്യമായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും ബസിന്റെ ഡ്രൈവര്‍ക്കെതിരെയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് ഉടന്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കും.
അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് നഗരത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തട്ടിയെടുത്ത് കള്ളന്‍ നാടുചുറ്റിയിരുന്നു. മൂന്നര കിലോമീറ്ററോളം നഗരം ചുറ്റി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലൂടെ കറങ്ങി ടിബി റോഡ് മഞ്ഞക്കുളം ബൈപാസില്‍ ബസ് ഉപേക്ഷിച്ച് കള്ളന്‍ കടന്നുകളഞ്ഞു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഡിപിഒ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസുമായി മോഷ്ടാവ് നഗരം ചുറ്റിയത്. പിന്നീട് പുലര്‍ച്ചെ ആറോടെയാണ് ആളൊഴിഞ്ഞ ടിബി റോഡ് മഞ്ഞക്കുളം ബൈപാസില്‍ ഉപേക്ഷിച്ച നിലയില്‍ ബസ് കണ്ടെത്തിയത്. പലയിടത്തും ഇടിച്ച് ബസിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. പാലക്കാട് വടക്കഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസാണിത്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ പിന്‍വശത്തു നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസ് ശാദി മഹല്‍ റോഡിലൂടെ ഇംഗ്ലിഷ് ചര്‍ച്ച് റോഡ് വഴി തിരിഞ്ഞ് എല്‍ഐസി ഓഫിസ് പരിസരം വഴി ആദ്യം ബസ് നിര്‍ത്തിയിട്ടിരുന്നിടത്തു തന്നെയെത്തി, സ്റ്റാന്‍ഡിനു പിന്നിലൂടെ കെഎസ്ആര്‍ടിസി ലിങ്ക് റോഡിന് എതിര്‍വശത്തുള്ള എസിഎം അബൂബക്കര്‍ റോഡ് വഴിയാണ് മഞ്ഞക്കുളം ബൈപാസിലെത്തിയത്. സ്റ്റാന്‍ഡിനു പിന്നിലൂടെ അമിതവേഗത്തില്‍ ബസ് പായുന്നതു ഡിപ്പോയിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസ്സുകളില്‍ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തല്‍ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
