നാളെ ലോക പ്രമേഹദിനം; പഞ്ചസാര ഹര്‍ത്താലുമായി തലശ്ശേരി ഗ്രാമം

നാളെ ലോക പ്രമേഹദിനം; പഞ്ചസാര ഹര്‍ത്താലുമായി തലശ്ശേരി ഗ്രാമം.



ലോക പ്രമേഹദിനമായ നവംബര്‍ 14ന് തലശ്ശേരി ഗ്രാമം പഞ്ചസാര ഹര്‍ത്താലില്‍. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് തലശ്ശേരിയിലാണ് വ്യത്യസ്ത ഹര്‍ത്താലുമായി ഗ്രാമപഞ്ചായത്ത് അംഗവും മറ്റും രംഗത്തിറങ്ങിയത്.പഞ്ചസാര ഒഴിവാക്കാനുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം.



വാര്‍ഡ് അംഗം ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളും കയറിയിറങ്ങി നോട്ടീസ് നല്‍കുകയും വീട്ടുകാരെ പഞ്ചസാര കഴിക്കുന്നതിനെ പറ്റിയുള്ള അപകടങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും കടകളിലും മറ്റു ചായക്കടകളിലും നോട്ടീസ് പതിക്കുകയും ചെയ്തു.ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ പഞ്ചസാര ഹര്‍ത്താല്‍ ആചരിക്കുകയും ഹര്‍ത്താല്‍ ദിനത്തില്‍ കടകമ്ബോളങ്ങളില്‍ പഞ്ചസാര വില്‍പന ഒഴിവാക്കി ചായക്കടകളിലും വീടുകളിലും മധുരമില്ലാത്ത ചായ മാത്രം കുടിച്ച്‌ പഞ്ചസാരയുടെ അമിത ഉപയോഗത്തിന്‍റെ ദൂഷ‍്യവശം പൊതുസമൂഹത്തെ ഓര്‍മപ്പെടുത്താനാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് വാര്‍ഡ് അംഗം അറിയിച്ചു. ഗ്രാമത്തിലെ പ്രമേഹരോഗികളെ കണ്ടെത്താൻ മെഡിക്കല്‍ ക്യാമ്ബും ശ്വാസകോശ പരിശോധനയും ബോധവത്കരണവും നേത്രപരിശോധനയും നടത്തി.