അമ്മാവന്റെ വീട്ടില്‍ നിന്നും 21 പവന്‍ സ്വര്‍ണം മോഷ്ടിച്ച് പുതിയ ഥാര്‍ വാങ്ങി; വാഹന പൂജയ്ക്ക് അമ്മാവനെയും ക്ഷണിച്ചു; ഒടുവില്‍ 19-കാരന്‍ പിടിയില്‍

അമ്മാവന്റെ വീട്ടില്‍ നിന്നും 21 പവന്‍ സ്വര്‍ണം മോഷ്ടിച്ച് പുതിയ ഥാര്‍ വാങ്ങി; വാഹന പൂജയ്ക്ക് അമ്മാവനെയും ക്ഷണിച്ചു; ഒടുവില്‍ 19-കാരന്‍ പിടിയില്‍



മുംബൈ: അമ്മാവന്റെ വീട്ടില്‍ നിന്ന് ഇരുപത്തൊന്ന് പവനോളം സ്വര്‍ണം മോഷ്ടിച്ച് ആഡംബര കാര്‍ വാങ്ങിയ പത്തൊന്‍പതുകാരന്‍ ഒടുവില്‍ പൊലീസിന്റെ വലയിലായി. മഹാരാഷ്ട്രയിലെ കോലാപുര്‍ സത്താവെ ഗ്രാമത്തില്‍ നിന്നുള്ള സമര്‍ ചവാനാണ് അറസ്റ്റിലായത്. ബന്ധുവിന്റെ വീട്ടിലെ മോഷണവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഏകദേശം ഒരു മാസം മുമ്പാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കാണാതാകുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് കവര്‍ന്നത്. എന്നാല്‍, ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ സ്വര്‍ണം തൊട്ടിട്ടുപോലുമുണ്ടായിരുന്നില്ല. അടുത്തിടെ ഒരു ചടങ്ങിനായി ആഭരണങ്ങള്‍ എടുത്തുനോക്കിയപ്പോഴാണ് വന്‍തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് ഉമേഷ് മാരുതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുത്തശ്ശിയുടെ സ്വര്‍ണം ഒഴിവാക്കി ഉമേഷിന്റെയും ഭാര്യയുടെയും മാത്രം ആഭരണങ്ങള്‍ കവര്‍ന്നത് വീടുമായി അടുത്ത ബന്ധമുള്ളയാളാണെന്നതിന്റെ വ്യക്തമായ സൂചനയായി പൊലീസ് കണ്ടു. ഇതിനിടെയാണ് കുടുംബത്തിലെ പത്തൊന്‍പതുകാരനായ സമര്‍ ചവാന്‍ പെട്ടെന്ന് ഒരു പുതിയ മഹീന്ദ്ര ഥാര്‍ വാഹനം വാങ്ങിയ വിവരം പൊലീസ് അറിയുന്നത്. സാധാരണ ജോലിയോ വരുമാനമോ ഇല്ലാത്ത യുവാവിന് ഇത്രയും വലിയ തുക എവിടെനിന്നു കിട്ടിയെന്ന സംശയം പൊലീസിനെ ഇയാള്‍യിലേക്ക് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ കസ്റ്റഡിയിലെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഗ്രാമത്തിലെ ആഭരണവ്യാപാരിയായ സംഗറാം ബാബസോ എന്നയാള്‍ക്കാണ് മോഷ്ടിച്ച സ്വര്‍ണം വിറ്റതെന്ന് പ്രതി വെളിപ്പെടുത്തി. ഈ തുക ഉപയോഗിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയത്. കൗതുകകരമായ കാര്യം, താന്‍ വാങ്ങിയ പുതിയ ഥാറിന്റെ വാഹന പൂജയ്ക്കായി മോഷണം പോയ സ്വര്‍ണത്തിന്റെ ഉടമയായ അമ്മാവനെയും കുടുംബത്തെയും പ്രതി യാതൊരു മടിയും കൂടാതെ ക്ഷണിച്ചിരുന്നു എന്നതാണ്. സംഭവത്തില്‍ സ്വര്‍ണം വാങ്ങിനല്‍കിയ ജ്വല്ലറി ഉടമ സംഗ്രാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.