പള്ളി നിർമാണത്തിന് പാവപ്പെട്ടവന്റെ സംഭാവന ഒരു കോഴി മുട്ട; പക്ഷേ അതിൽ നിന്ന് കിട്ടിയതാവട്ടെ രണ്ടേകാൽ ലക്ഷവും


പള്ളി നിർമാണത്തിന് പാവപ്പെട്ടവന്റെ സംഭാവന ഒരു കോഴി മുട്ട; പക്ഷേ അതിൽ നിന്ന് കിട്ടിയതാവട്ടെ രണ്ടേകാൽ ലക്ഷവും


ശ്രീനഗർ: പള്ളി നിർമാണ ഫണ്ടിലേക്ക് ഒരാൾ സംഭാവന നൽകിയ കോഴി മുട്ടയിൽ നിന്ന് സമാഹരിച്ചത് രണ്ടേകാൽ ലക്ഷം രൂപ. ജമ്മു കശ്മീരിലെ സോപോർ പട്ടണത്തിലുള്ള മാൽപോരയിൽ നാട്ടുകാർ പള്ളി നിർമാണത്തിനായി നടത്തിയ പിരിവാണ് വലിയ വാർത്തയായി മാറിയത്. ആളുകൾ പണമായും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളായുമൊക്കെ പള്ളി നിർമാണത്തിന് സംഭാവന നൽകിക്കൊണ്ടിരിക്കുന്നതിനിടെയാണ്, കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത ഒരു യുവാവ് കോഴിമുട്ടയുമായി വന്നത്. 

'അമ്മയോടൊപ്പം ജീവിക്കുന്ന, വീട്ടിൽ മറ്റാരുമില്ലാത്ത ഒരു യുവാവാണ് കോഴിമുട്ടയുമായി പള്ളിക്കമ്മിറ്റി അധികൃതരെ സമീപിച്ചതെന്ന്' പ്രദേശവാസിയായ ഒരാൾ പറഞ്ഞു. എന്നാൽ മറ്റ് സാധനങ്ങളെപ്പോലെ തന്നെ ആ കോഴി മുട്ടയും അവർ സ്വീകരിച്ചു. കിട്ടുന്ന സാധനങ്ങൾ അവിടെ തന്നെ വെച്ച് ലേലം ചെയ്യുന്നതായിരുന്നു ധനസമാഹരണത്തിന്റെ രീതി. കോഴി മുട്ടയും അക്കൂട്ടത്തിൽ ലേലത്തിന് വെച്ചു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ആ കോഴിമുട്ട ലേലത്തിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുട്ട വൻ തുകയ്ക്ക് ആളുകൾ ലേലത്തിൽ പിടിക്കാൻ തുടങ്ങി. ലേലമുറപ്പിച്ച് കോഴിമുട്ട സ്വന്തമാക്കിയവർ അത് വീണ്ടും പള്ളിയിലേക്ക് സംഭാവന ചെയ്തു. ആദ്യ ദിവസത്തെ ലേലത്തിൽ തന്നെ 1.48 ലക്ഷം രൂപ ഇങ്ങനെ കോഴിമുട്ടയിൽ നിന്ന് ലഭിച്ചു. മൂന്നാം ദിവസം വൈകുന്നേരം ആറ് മണിയോടെ മറ്റൊരു യുവാവ് 70,000 രൂപയ്ക്ക് മുട്ട ലേലത്തിൽ വാങ്ങി കൊണ്ടുപോവുകയായിരുന്നത്രെ. അതിന് മുമ്പ് ആകെ അറുപതോളം പേരാണ് മുട്ട ലേലത്തിൽ പിടിച്ച് തിരിച്ചേൽപ്പിച്ചത്. അവസാനം മുട്ട സ്വന്തമാക്കിയയാൾ നൽകിയ തുക ഉൾപ്പെടെ ആകെ കിട്ടിയത് 2,26,640 രൂപയും.

ഈ ഒരു മുട്ട മാത്രമല്ല, ആളുകൾ സംഭാവന നൽകിയ എല്ലാ സാധനങ്ങളും ലേലത്തിൽ വെയ്ക്കുകയായിരുന്നുവെന്നും ഒന്നും ഒഴിവാക്കിയില്ലെന്നുമാണ് പ്രദേശവാസിയായ ഒരാൾ പറഞ്ഞത്. ആകെ പത്ത് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ മൊത്തത്തിൽ സമാഹരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും മുട്ടയുടെ അവസാന ലേലവും വൻതുക നൽകി അത് ഒരു യുവാവ് വാങ്ങിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ കൗതുകമായി പ്രചരിക്കുന്നുണ്ട്.