പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

കണ്ണൂര്‍: കെ സുധാകരന്‍-എം വി ജയരാജന്‍, കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തര്‍ മുഖാമുഖം വന്ന പോരാട്ടമായിരുന്നു ഇത്തവണ മണ്ഡലത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍. കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നയിടങ്ങളിലൊന്ന്. സി രഘുനാഥനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 2019ലെ 83.21ല്‍ നിന്ന് 2024ല്‍ 76.92% ലേക്ക് പോളിംഗ് ശതമാനം കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കുറഞ്ഞപ്പോള്‍ കണ്ണൂരിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ്.

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂറും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. മറ്റെല്ലാ നിയമസഭ സീറ്റുകളും നിലവില്‍ ഇടത് മുന്നണിയുടെ കൈവശമാണുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറും പേരാവൂരും പോളിംഗ് കുറഞ്ഞതിൽ യുഡിഎഫിനാണ് ആശങ്ക. അതേസമയം സിപിഎം ശക്തി കേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ഇത്തവണ രേഖപ്പെടുത്തുകയും ചെയ്‌തു. പതിവായി യുഡിഎഫിന് വലിയ ലീഡ് നൽകാറുള്ള ഇരിക്കൂറിൽ പോളിംഗ് കുറഞ്ഞത് 9 ശതമാനമാണ്. എങ്കിലും ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ചയില്ലെന്ന് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു. തീരദേശ ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. അതിനാല്‍ കണ്ണൂരും അഴീക്കോടും തുണയ്ക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം മട്ടന്നൂരും തളിപ്പറമ്പും മികച്ചുനിന്നതിൽ ഇടതുപക്ഷം പ്രതീക്ഷവെക്കുന്നു. ലീഗ് വോട്ടുകൾ മുഴുവനായി പോൾ ചെയ്തിട്ടില്ലെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു