ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം: ഇ.പി. ജയരാജന്റെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം: ഇ.പി. ജയരാജന്റെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം: ബിജെപിയില്‍ പോകുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൊലീസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

പരാതിയില്‍ ഇ പി ജയരാജന്റെയും മകന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിച്ചത്. നേരിട്ട് കേസെടുക്കാന്‍ മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു.

ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ജയരാജന്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന്‍, ടി ജി നന്ദകുമാര്‍, കെ സുധാകരന്‍ എന്നിവരോട് ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട നേരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.