ശിവമോഗയില്‍ മിനിബസ് ട്രക്കില്‍ ഇടിച്ചുകയറി ; കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം, അപകടം പുലര്‍ച്ചെയുടെ 4 മണിക്ക്

ശിവമോഗയില്‍ മിനിബസ് ട്രക്കില്‍ ഇടിച്ചുകയറി ; കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം, അപകടം പുലര്‍ച്ചെയുടെ 4 മണിക്ക്


ബംഗലുരു: ശിവമോഗയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം. ഹാവേരി ബ്യാദ്ഗിയില്‍ നടന്ന സംഭവത്തില്‍ ഒമ്പതു സ്ത്രീകളും രണ്ടു പുരുഷന്മാരും രണ്ടു കുട്ടികളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞത് ശിവമോഗ ഭദ്രാവതി സ്വദേശികളായ തീര്‍ത്ഥാടകരാണെന്നാണ് വിവരം. പുലര്‍ച്ചെ 4 മണിയോടെ ഇവര്‍ സഞ്ചരിച്ച വാഹനം അതിവേഗത്തില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.!

പൂനെ ബംഗലുരു ദേശീയപാതയിലായിരുന്നു അപകടം. അപകടസ്ഥലത്ത് നിന്നും കിട്ടിയ വിവിധക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയതിന്റെ രസീതികളും മറ്റുമാണ് ഇവര്‍ ഭദ്രാവതി സ്വദേശികളാണെന്ന് മനസ്സിലാക്കാന്‍ കാരണമായത്. മിനിബസിലായിരുന്നു ഇവര്‍ ക്ഷേത്രദര്‍ശനത്തിന് പോയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്ന് സംശയിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരണപ്പെട്ടവര്‍ ഭദ്രാവതി താലൂക്കിലെ എമ്മിഹട്ടി ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. ബെലഗാവി ജില്ലയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ മിനി ബസിന്റെ ജീര്‍ണിച്ച അവശിഷ്ടങ്ങളില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.