അർദ്ധരാത്രി ബൈക്കിലെത്തി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

അർദ്ധരാത്രി ബൈക്കിലെത്തി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; രണ്ട് യുവാക്കൾ അറസ്റ്റിൽ


പാലക്കാട്:  ബൈക്കിലെത്തിയ യുവാക്കൾ പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് എറിഞ്ഞു തകർത്തു. മങ്കര പൊലീസ് സ്റ്റേഷനിലാണ് സംഭവം. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുകാർ യുവാക്കളെ തിരിച്ചറിയുകയും അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് രണ്ടംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനിലെ ജനൽ ചില്ല് ഇവ‍ർ എറിഞ്ഞ് തകർത്തു. നഗരിപുരം സ്വദേശികളായ അനിൽകുമാർ, മണികണ്ഠൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ഇവർ രണ്ട് പേരെയും നാട്ടുകാരായ മറ്റ് ചിലരെയുമൊക്കെ  പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരെ പിന്നീട് അനുനയിപ്പിച്ച് വിടുകയും ചെയ്തു. 

ഇതിന് ശേഷം പൊലീസിനോടുള്ള വൈരാഗ്യം തീർക്കാനായി അർദ്ധരാത്രി ബൈക്കിലെത്തി സ്റ്റേഷന് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ രണ്ട് പേരുമാണ് സംഭവത്തിന് പിന്നിലെന്ന് മനസിലായത്.  പിന്നീട് ഇവരെ വീടുകളിലെത്തി പിടികൂടുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.