മാലിന്യം പെറുക്കി ജീവിച്ചു, ഒടുവില്‍, റീല്‍സിന് വേണ്ടി യുവാക്കളുടെ കളിയാക്കല്‍; വൃദ്ധന്‍ ആത്മഹത്യ ചെയ്തു, കേസ്


മാലിന്യം പെറുക്കി ജീവിച്ചു, ഒടുവില്‍, റീല്‍സിന് വേണ്ടി യുവാക്കളുടെ കളിയാക്കല്‍; വൃദ്ധന്‍ ആത്മഹത്യ ചെയ്തു, കേസ്


ജീവിക്കാനായി ഒരു ആയുസില്‍ മനുഷ്യന്‍ കെട്ടുന്ന വേഷങ്ങള്‍ക്ക് കണക്കില്ല. കുട്ടിക്കാലത്തും കൌമാരകാലത്തും അച്ഛനമ്മമാരുടെ സംരക്ഷണം കിട്ടും. അത് കഴിഞ്ഞാല്‍ പിന്നെ സ്വന്തം കാലിലാണ് ജീവിതം. അതിനിടെ സാഹചര്യങ്ങള്‍ ഓരോരുത്തരെയും പല വേഷങ്ങളാടാന്‍ നിര്‍ബന്ധിക്കുന്നു. അത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വിറ്റ്, ജീവിതത്തിന്‍റെ സായാഹ്നത്തില്‍, ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ അവനവന് വേണ്ട ഭക്ഷണം കണ്ടെത്തിയിരുന്ന ഒരു വൃദ്ധന്‍, യുവാക്കളുടെ പരിഹാസം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു. സംഭവം രാജസ്ഥാനിലെ ലോഹാവത് ഗ്രാമത്തിലാണ് സംഭവം. 

പ്രതാബ് സിംഗ് എന്ന വൃദ്ധനാണ് ആത്മഹത്യ ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ ഉന്തുവണ്ടിയുമായി അദ്ദേഹം ഗ്രാമങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്കും മറ്റ് പുനരുപയോഗ മാലിന്യങ്ങളും ശേഖരിച്ച് വിറ്റാണ് ജീവിക്കാനുള്ള പണം കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചില യുവാക്കള്‍ റീല്‍സ് ഷൂട്ടിന് വേണ്ടി അദ്ദേഹത്തിന്‍റെ പുറകേ കൂടി. ഇവര്‍ പ്രതാബ് സിംഗിനെ കളിയാക്കുകയും അപമാനിക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതാബ് സിംഗ്  പലപ്പോഴും പൊതുവഴിയില്‍ അപമാനിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഗ്രാമത്തിലെ ഒരു മരത്തില്‍ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ഹൈവേയ്ക്ക് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജിതേന്ദ്ര പ്രതാപ് സിംഗ് എന്ന എക്സ് ഉപയോക്താവ് പ്രതാബ് സിംഗിന്‍റെ മരണത്തെ കുറിച്ച് എക്സില്‍ എഴുതിയപ്പോള്‍ നിരവധി പേരാണ് തങ്ങളുടെ അനശോചനം അറിയിക്കാനും യുവാക്കളുടെ പുതിയ പ്രവണതയ്ക്കെതിരെ പ്രതികരിക്കാനും രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബുള്ളിയിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ ആളല്ല പ്രതാബ് സിംഗ്. ഇന്ത്യയില്‍ സൈബര്‍ ബുള്ളിയിംഗിന്‍റെ പേരില്‍ ഇതിനകം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കേസുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രജസിറ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 


 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056 / , പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530,)