അയ്യകുന്ന്ഈന്തുംകരി മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു

അയ്യകുന്ന്ഈന്തുംകരി  മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു   ഇരിട്ടി : അയ്യകുന്ന് പഞ്ചായത്തിലെ  ഈന്തങ്കരി മേഖലയിൽ ഇറങ്ങിയ  കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.  കുടിയേറ്റ കർഷകൻ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ എത്തിയ  കാട്ടാനക്കൂട്ടം ഫ്രാൻസിസ് മുളങ്കാശേരിയുടെ  ഒരേക്കർ വരുന്ന കൃഷിയിടത്തിലെ  വാഴ, കപ്പ, തെങ്ങ്, ചേന, കുരുമുളക്, കവുങ്ങ് തുടങ്ങി എല്ലാ വിളകളും നശിപ്പിച്ചു. റബ്ബർ മരങ്ങളുടെ തൊലിയുരിച്ചും  കയ്യാലകൾ ചവിട്ടി പൊളിച്ചും ആനകൾ വ്യാപകമായ നാശനഷ്ടമാണ് വരുത്തിയത്.  നാല് വർഷത്തിന് ശേഷമാണ് മേഖലയിൽ കാട്ടാനകൾ ഇങ്ങിനെ കൂട്ടമായി എത്തുന്നത്.  ആറളം ഫാമിൽ നിന്നും വന്യജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ട ആനകളാണ് മേഖലയിൽ കൂട്ടമായി എത്തി നാശം വിതക്കുന്നതെന്നാണ്  കർഷകർ പറയുന്നത്. 
 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കർഷകരോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകന്റെ കൃഷിയിടങ്ങളിൽ കാട്ടാനകൾ എത്തുന്നത് തടയാൻ സോളാർ വേലിയടക്കമുള്ള സംവിധാനങ്ങൾ അടിയന്തിരമായിനിർമ്മിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.  അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്  കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ് , സീമ സനോജ് , പഞ്ചായത്ത് അംഗങ്ങളായ സെലീന ബിനോയി , സജി മച്ചിത്താന്നി എന്നിവർ സ്ഥലം സന്ദർശിച്ചു . വനം വകുപ്പ് അധികൃതരും സഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.