കാസറഗോഡ് മണ്ണുമാന്ത്രിയന്ത്രം ദേഹത്ത് വീണ് യുവാവ് മരിച്ചു; അപകടം യന്ത്രം കഴുകാനായി നീക്കുന്നതിനിടെ തെങ്ങിലിടിച്ച് മറിഞ്ഞ്

കാസറഗോഡ്  മണ്ണുമാന്ത്രിയന്ത്രം ദേഹത്ത് വീണ് യുവാവ് മരിച്ചു; അപകടം യന്ത്രം കഴുകാനായി നീക്കുന്നതിനിടെ തെങ്ങിലിടിച്ച് മറിഞ്ഞ്ബന്തടുക്ക: കരിവേടകം ബണ്ടംകൈയിൽ മണ്ണുമാന്ത്രിയന്ത്രം ദേഹത്ത് വീണ് യുവാവ് മരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്ത് മുൻ അംഗവുമായ മിനി ചന്ദ്രന്റെയും പരേതനായ കെ. ചന്ദ്രൻ നായരുടെയും മകൻ പ്രീതംലാൽ ചന്ദ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. വീട്ടുകാരടെ ഉടമസ്ഥതയിലുള്ള സൗപർണിക എർത്ത് മൂവേഴ്‌സിന്റെ പേരിലുള്ളതാണ് മണ്ണുമാന്തിയന്ത്രം.

പടുപ്പിലുള്ള വല്യമ്മയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇത് കഴുകാനായി പ്രീതംലാൽ നീക്കുന്നതിനിടെ തെന്നിമാറി സമീപത്തെ തെങ്ങിലിടിച്ച് ചെരിയുകയും രക്ഷപ്പെടാനായി ചാടിയപ്പോൾ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. നാട്ടുകാർ ഓടിക്കൂടി ഏറെ പണിപ്പെട്ട് പുറത്തെടുത്തത്. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബെംഗളൂരുവിൽ ബി.ബി.എ. പഠനം കഴിഞ്ഞ് അടുത്തിടിയാണ് നാട്ടിലെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്തടുക്ക ടൗണിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരൻ: ഗൗതംലാൽ ചന്ദ്