ടീം പിണറായിയില്‍ ഇനി മാനന്തവാടിക്കാരുടെ കേളുവേട്ടനും: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ടീം പിണറായിയില്‍ ഇനി മാനന്തവാടിക്കാരുടെ കേളുവേട്ടനും: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ്ദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കള്‍ക്ക് പുറമെ വയനാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായി.മാനന്താവാടി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഒ ആർ കേളു വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ സി പി എം മന്ത്രിയാണ്. കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് ഒ ആർ കേളുവിനെ ഉള്‍പ്പെടുത്താന്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയായ ഒ ആർ കേളുവിന് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്.


കെ രാധാകൃഷ്ണന്‍ വഹിച്ചിരുന്ന മുഴുവന്‍ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എം ബി രാജേഷിനും നല്‍കാനായിരുന്നു സി പി എം തീരുമാനം. പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്ത് മാറ്റിയതില്‍ കാര്യമില്ലെന്നായിരുന്നു ഒ ആർ കേളുവിന്റെ പ്രതികരണം. വളരെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യേണ്ട ആ വകുപ്പുകള്‍ തന്നേക്കാള്‍ അനുഭവ സമ്പത്തുള്ളവർ തന്നെ നോക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.


ആദ്യമായിട്ടാണ് മന്ത്രിയാകുന്നത്. അതുകൊണ്ട് പ്രവർത്തി പരിചയക്കുറവുമുണ്ട്. പാർലമെന്ററി കാര്യമൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ പരിചയമുള്ളവർ തന്നെ വരുന്നതാണ് അതിന്റെ ശരി. ആദിവാസി മേഖലയില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആ വിഭാഗം നേരിടുന്ന പ്രശ്നങ്ങളില്‍ ഒരു വ്യക്തതയുണ്ട്. എം എല്‍ എ എന്ന നിലയില്‍ തന്നെ വന്യമൃഗ പ്രതിരോധങ്ങള്‍ക്കായി മികച്ച രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്. രണ്ട് കോടിയോളം രൂപ ഇതിനായി നീക്കിവെച്ചു. വയനാട് പാക്കേജിലും ഇതിന് വേണ്ട പ്രവർത്തനങ്ങള്‍ നടക്കുന്നു' എന്നായിരുന്നു പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഒ ആർ കേളുവിന്റെ പ്രതികരണം.


ആരാണ് ഒആർ കേളു


വയനാട് ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളില്‍ ഒരാളാണ് പാർട്ടി സംസ്ഥാന സമിതി അംഗം കൂടിയായ ഒ ആർ കേളു. 1970ല്‍ ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്‍-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളന്‍കൊല്ലിയിലാണ് ഒ ആര്‍ കേളുവിന്റെ ജനനം. വിദ്യാഭ്യാസ കാലയളവില്‍ തന്നെ കൂലിത്തൊഴിലാളിയായി. വയനാടിന് പുറമെ കുടകിലെ തോട്ടങ്ങളിലും തൊഴിലെടുത്തിട്ടുണ്ട്.


1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോള്‍ അയല്‍ക്കൂട്ടം കണ്‍വീനറായാണ് കേളു പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 2000 ല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്നുള്ള ഗ്രാമപഞ്ചായത്ത് അംഗമായാണ് ഒ ആർ കേളു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും കടന്നു.


പിന്നീട് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പികെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക്. 2021ലും അദ്ദേഹംത്തിന് വിജയം ആവർത്തിക്കാന്‍ സാധിച്ചു. സി പി എമ്മിന്റെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഒ ആർ കേളു.