അതിർത്തി തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, സംഭവം ഇടുക്കി അടിമാലിയില്‍


അതിർത്തി തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, സംഭവം ഇടുക്കി അടിമാലിയില്‍ഇടുക്കി: ഇടുക്കി അടിമാലി ശല്യംപാറയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ശല്യംപാറ സ്വദേശി മൊയ്തീൻകുഞ്ഞുവിനെയാണ് അതിർത്തി തർക്കത്തിന്‍റെ പേരിൽ അയൽവാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ പി ഹനീഫ വെട്ടുകത്തിയുപയോഗിച്ച് ആക്രമിച്ചത്. കൈക്ക് ഗുരുതര പരിക്കേറ്റ മൊയ്തീൻകുഞ്ഞുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇടുക്കി വെള്ളത്തൂവൽ ശല്യംപാറയിലെ തടിപ്പണിക്കാരനാണ് മൊയ്തീൻ കുഞ്ഞ്. വീട്ടുമുറ്റത്ത് കുട്ടികളുമായി ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് കയറിവന്ന ഹനീഫ ആക്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം തടുക്കുന്നതിനിടെ കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്നും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ ഓടിക്കൂടിയതിനാൽ അനിഷ്ട സംഭവങ്ങളൊഴിവായി. ഇടതുകയ്യിലെ അസ്ഥിയുൾപ്പെടെ മുറിഞ്ഞുപോയതിനാൽ മൊയ്തീൻ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.     

സംഭവത്തിൽ രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകുകയാണെന്ന് ആരോപണമുണ്ട്. നേരത്തെ ഇരുവരും തമ്മിൽ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് തർക്കമുണ്ടായിരുന്നെന്നാണ് വെള്ളത്തൂവൽ പൊലീസ് പറയുന്നത്. ഇതെച്ചൊല്ലി ഇന്ന് രാവിലെ മൊയ്തീൻ ഹനീഫയുടെ കുടുംബാംഗങ്ങളുമായി തർക്കത്തിലേ‍ർപ്പെടുകയും കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്.  ഇതിന്മേലുളള പ്രകോപനമാണ് ആക്രമണ കാരണമായി പൊലീസ് വിശദീകരിക്കുന്നത്. ഇരുകൂട്ടരുടെയും വിശദമായ മൊഴിയെടുത്തശേഷം കേസെടുക്കും. വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും  നേരത്തെ പലതവണ മധ്യസ്ഥതക്ക് ശ്രമിച്ചിട്ടും ഇരുകൂട്ടരും വഴങ്ങിയില്ലെന്നും സിപിഎം വെള്ളത്തൂവൽ ലോക്കൽ കമ്മറ്റി സെക്രട്ടറി അറിയിച്ചു.