രാഷ്ട്രീയം കൊണ്ട് നിയമനം കിട്ടിയവര്‍ 79,670 ; എംപ്‌ളോയ്‌മെന്റു വഴി ജോലി കിട്ടിയത് 1377 പേര്‍ക്ക്...!

രാഷ്ട്രീയം കൊണ്ട് നിയമനം കിട്ടിയവര്‍ 79,670 ; എംപ്‌ളോയ്‌മെന്റു വഴി ജോലി കിട്ടിയത് 1377 പേര്‍ക്ക്...!


കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ മാര്‍ച്ച് വരെ കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമനം നേടിയത് 79,670 പേര്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചത് 1377 പേര്‍ക്കു മാത്രം! കരാര്‍, ദിവസവേതനമുള്‍പ്പെടെ താത്കാലികജോലികളെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ജലരേഖയായി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി നടന്നതെല്ലാം രാഷ്ട്രീയനിയമനങ്ങളാണ്. ഭരണമുന്നണിയിലെ കക്ഷികള്‍ ഇവ വീതംവച്ചെടുക്കുന്നു. ഒരുലക്ഷത്തോളം താത്കാലികജീവനക്കാരില്‍ സ്പാര്‍ക് ഐ.ഡിയുള്ളതു 43,687 പേര്‍ക്കാണ്. സംസ്ഥാനത്തെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായ 5,07,188 പേര്‍ക്കു ശമ്പളം നല്‍കാന്‍ പ്രതിമാസം 3038 കോടി രൂപ വേണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചവര്‍ക്കു 364.39 കോടിയും കരാര്‍ ജീവനക്കാര്‍ക്കു 2,292.58 കോടിയും ദിവസവേതനക്കാര്‍ക്കു 5,852 കോടിയും.

അതായത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രം പ്രതിമാസം 11,546 കോടി രൂപ! പി.എസ്.സി. റാങ്ക് പട്ടികയില്‍നിന്നു സ്ഥിരനിയമനം നടത്താതെ, പരമാവധി താത്കാലികനിയമനങ്ങളാണു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്നത്. എട്ടുവര്‍ഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 26.55 ലക്ഷം പേരില്‍ തൊഴില്‍ ലഭിച്ചത് 90,959 പേര്‍ക്കു മാത്രം. കഴിഞ്ഞ മേയ് 31 വരെ 26,55,736 പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷകരായുണ്ട്.