തേവര എസ്എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസിന് തീപിടിച്ചു ; ആളപായമില്ല

തേവര എസ്എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസിന് തീപിടിച്ചു ; ആളപായമില്ല


ബസിന്റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത് ​

photo - facebook

കൊച്ചി: തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു.

ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. കുട്ടികൾ ബസിലേക്ക് കയറുന്ന സമയത്താണ് തീ പിടിച്ചതെന്നും എന്നാൽ തീപിടിക്കാനുള്ള കാരണം എന്താണെന്നും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.